ഏച്ചൂർ: മാല മോഷ്ടാവിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വീട്ടമ്മക്ക് പരുക്കേറ്റു. ഏച്ചൂർ ആഴഞ്ചാലിൽ തുണ്ടിക്കോത്ത് ഹൗസിലെ എ.നളിനിക്കാണ് പരുക്കേറ്റത്.ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ ഏച്ചൂർ കനാലിനു മുകളിൽ വച്ചാണ് സംഭവം.കമാൽപീടികക്കും കട്ട് ആൻഡ് കവറിനിടയിലുള്ള കനാലിൽ വച്ച് ഒരു യുവാവ് അക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ബഹളം വച്ച് രക്ഷപ്പെടുകയായിരുന്നു.ഇതിനിടയിൽ കനാലിൽ വീണ വീട്ടമ്മയുടെ വലതുകൈയുടെ എല്ല് പൊട്ടി.ബഹളം കേട്ട് എത്തിച്ചേർന്ന നാട്ടുകാരാണ് വീട്ടമ്മയെ കണ്ണൂർ താണയിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചത്. ഇതിനിടയിൽ മോഷ്ടാവ് അരികിൽ നിർത്തിയിട്ട നമ്പർ രേഖപ്പെടുത്താത്ത ബൈക്കിൽ കയറി രക്ഷപ്പെട്ടു. ചക്കരക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.