മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണ കമ്പനിയായ കിയാലിലെ അഴിമതിക്കെതിരെയും കിയാലിനെ സി.എ.ജി ഓഡിറ്റിന് വിധേയമാക്കുക, നിയമന തട്ടിപ്പിൽ സമഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂരിലെ വിമാനത്താവളത്തിലേക്കു നടത്തിയ മാർച്ചിൽ ഉന്തും തള്ളും. മാർച്ച് വിമാനത്താവള കവാടത്തിനു മുന്നിൽ മട്ടന്നൂർ പൊലീസും എയർപ്പോർട്ട് പൊലീസും ചേർന്ന് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.

പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ടു കുതിച്ചപ്പോൾ പൊലീസ് ബലം പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. ഇത് പരിസരത്ത് അൽപസമയം സംഘർഷാവസ്ഥയുണ്ടാക്കി. ബി ജെ പി-യുവമോർച്ച നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ കവാടത്തിനു മുന്നിൽ റോഡിൽ കുത്തിയിരുന്നു.

മാർച്ചിന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ജിയേഷ്, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ജൂജി ദേവീദാസ്, വി.വി. മനോജ്, മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ കൂടാളി, പ്രിയേഷ് അളോറ എന്നിവർ നേതൃത്വം നൽകി.

പടം : യുവമോർച്ച മാർച്ച്