ഇരിട്ടി: കേരളാ കർണ്ണാടകാ അതിർത്തിയായ കൂട്ടുപുഴയിൽ നിർമ്മിക്കുന്ന പാലത്തിന് നാഷണൽ വൈൽഡ് ലൈഫ് ബോർഡിന്റെ കർണാടക പ്രാദേശിക ഘടക യോഗം അംഗീകാരം നൽകി. കർണ്ണാടക വനം വകുപ്പിന്റെ തടസ്സവാദങ്ങൾ മൂലം ഒന്നര വർഷത്തിലേറെയായായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പാലം നിർമ്മാണത്തിന് കർണാടക മുഖ്യമന്ത്രി യദീയൂരപ്പയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗമാണ് അനുമതി നൽകാൻ തീരുമാനിച്ചത്. ഇക്കാര്യം കർണാടക വനം ചീഫ് കൺസർവേറ്റർ പേരാവൂർ എം. എൽ .എ സണ്ണി ജോസഫിനെ ഔദ്യോഗികമായി അറിയിച്ചു .
വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി പത്രം പരിഗണിച്ച് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജിയൺതല എംപവേർഡ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ മാസം 28 ന് ചേർന്ന 37ാ മത് റിജിയണൽ തല എംപവേർഡ് കമ്മിറ്റി യോഗം അനുകൂലമായ പ്രതികരണം നടത്തിയതിനാൽ ഇനി അനുമതിക്ക് തടസം ഉണ്ടാകില്ലെന്നു തന്നെയാണ് കരുതുന്നത്. തങ്ങൾക്ക് അനുമതി പുറപ്പെടുവിക്കണമെങ്കിൽ കർണാടക വൈൽഡ് ലൈഫ് ബോർഡിന്റെ റിപ്പോർട്ട് കൂടി ലഭിക്കണമെന്ന് എംപവേർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടതനുസരിച്ചാണ് വീരാജ്‌പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ കൂടി മുൻകൈ എടുത്ത് ഒരു മാസത്തിനുള്ളിൽ തന്നെ വൈൽഡ് ലൈഫ് ബോർഡ് യോഗം വിളിപ്പിച്ചത്. ഇന്നലെ ഒന്നാം അജണ്ടയായാണ് വൈൽഡ് ലൈഫ് ബോർഡ് യോഗം കൂട്ടുപുഴ പാലം വിഷയം പരിഗണിച്ചത്.
തലശ്ശേരി വളവുപാറ കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പുനർനിർമ്മിക്കുന്ന ഏഴ് പാലങ്ങളിൽ ഒന്നായിരുന്നു കേരളത്തിലെ കണ്ണൂർ ജില്ലയേയും കർണ്ണാടകത്തിലെ കുടക് ജില്ലയേയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലം. ഏഴ് പാലങ്ങളിൽ എരഞ്ഞോളി, ഇരിട്ടി, കരേറ്റ പാലങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മെരുവമ്പായി , ഉളിയിൽ , കളറോഡ് പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുകയും ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തു.
ഇതോടൊപ്പം നിർമ്മാണം ആരംഭിച്ച കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി 2017 ഡിസംബർ 27 നാണ് കർണാടകയുടെ മാക്കൂട്ടം വനം ഉദ്യോഗസ്ഥർ തടസപ്പെടുത്തിയത്.

നാഷണൽ വൈൽഡ് ലൈഫ് ബോർഡ് കർണ്ണാടക ഘടകത്തിന്റെ അനുമതികൂടി ലഭിച്ചതോടെ പാലം നിർമ്മാണാനുമതിക്കുള്ള എല്ലാ വഴികളും തുറന്നു കിട്ടി. ഇവരുടെ അനുമതി പത്രം ആവശ്യപ്പെട്ട കേന്ദ്ര പരിതസ്ഥിതി മന്ത്രാലയം റീജിയണൽ തല എംപവേർഡ് കമ്മിറ്റി അടിയന്തരമായി ചേരുന്നതിന് വീരാജ്‌പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യയുമായി ചേർന്ന് ശ്രമം നടത്തുമെന്ന് സണ്ണി ജോസഫ് എം.എൽ.എ വ്യക്തമാക്കി.

( പടം കർണ്ണാടക വനം വകുപ്പ് തടസ്സപ്പെടുത്തിയതുമൂലം പാതി വഴിയിൽ നിർമ്മാണം നിലച്ച കൂട്ടുപുഴ പാലം.)