പയ്യന്നൂർ:കണ്ടങ്കാളി തലോത്ത് വയലിൽ 86 ഏക്കർ നെൽവയൽ കേന്ദ്രീകൃത പെട്രോളിയം സംഭരണശാലയ്ക്ക് വിട്ടുകൊടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജനകീയസമരസമിതി തുടർസമരത്തിലേക്ക്.
ജൂൺമാസത്തിൽ വിതച്ച വിത്ത് കടുത്ത പ്രളയത്തെ അതിജീവിച്ച് വിളഞ്ഞുനിൽക്കുന്ന ഘട്ടത്തിലാണ് തലോത്ത് വയലിൽ പ്രതിഷേധക്കൊയ്ത്ത് നടക്കുന്നത്. കേന്ദ്രീകൃത പെട്രോളിയം സംഭരണപദ്ധതിക്കെതിരെ നടക്കുന്ന സമരത്തെ കാലാവസ്ഥവ്യതിയാനം സൃഷ്ടിക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള ആഗോളസമരങ്ങളുടെ ഒരു കണ്ണിയായി ഉയർത്തിക്കാട്ടുന്നതിനും വിദ്യാർത്ഥികളെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായാണ് നാളെ രാവിലെ ഒൻപതരയ്ക്ക് തലോത്ത് വയലിലേക്ക് ക്‌ളൈമറ്റ് മാർച്ച് നടത്തുന്നത്. പരിപാടിയിൽ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാകും. കൊയ്ത്തുത്സവം മുതിർന്ന കർഷകതൊഴിലാളികൾ ചേർന്ന് ഉദ്ഘാടനം ചെയ്യും.
കൊയ്ത്തുത്സവത്തിന്റെ വിളംബരമായി ഇന്ന് വൈകിട്ട് നാലിന് പെരുമ്പ മുതൽ പയ്യന്നൂർ ടൗൺ വരെയായുള്ള തെരുവുകളിൽ നാടകസമരം നടത്തും. ഒക്ടോബർ രണ്ട്,മൂന്ന് തീയതികളായി പദയാത്രയും നവംബർ ഒന്നുമുതൽ ലാൻഡ് അക്വിസിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരവും നടത്തും.