കാസർകോട്: ബൈക്ക് ഉരുട്ടിക്കൊണ്ടുപോയി പാർട്‌സുകൾ ഇളക്കി മാറ്റാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിടികൂടി പൊലീസിലേൽപിച്ചു. കർണാടക സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ രാത്രിയാണ് സംഭവം. നാലപ്പാട് ഫർണിച്ചറിലെ ജോലിക്കാരൻ ഉളിയത്തടുക്കയിലെ അബൂബക്കർ സിദ്ദീഖിന്റെ കെ എൽ 14 വി 8951 നമ്പർ പൾസർ ബൈക്കാണ് സംഘം ഉരുട്ടിക്കൊണ്ടുപോയി പാർട്‌സുകൾ ഇളക്കിമാറ്റാൻ ശ്രമിച്ചത്. രാത്രി എട്ടുമണിയോടെ ഫർണിച്ചർ കടയ്ക്കു മുന്നിൽ ബൈക്കെടുക്കാനെത്തിയ അബൂബക്കർ സിദ്ദീഖ് ബൈക്ക് കാണാത്തതിനെ തുടർന്ന് പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് പാർട്‌സുകൾ ഇളക്കിമാറ്റുന്നതായി കണ്ടത്. ഉടൻ ആളെവിളിച്ചുകൂട്ടുകയും പിടികൂടി പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.