കണ്ണൂർ:വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ തൂക്കുവേലി സ്ഥാപിക്കുന്നതടക്കമുള്ള പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പുറമേ വനത്തിനുളളിൽ വന്യമൃഗങ്ങൾക്ക് സ്വൈരജീവിതം ഉറപ്പു വരുത്താൻ സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായവർക്ക് പ്രതിഫലം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം വന്യ ജീവി വകുപ്പുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല വനം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ആനയെ തടയാൻ 27 കോടി

ആറളം ഫാമിൽ വന്യജീവി ആക്രമണം കുറയ്ക്കുന്നതിന്റെ ഭാഗമായി കാളികയം മുതൽ ഉരുട്ടിപ്പുഴ വരെയുള്ള 16.5 കിലോമീറ്റർ നീളത്തിൽ ആനമതിലും റെയിൽ ഫെൻസിംഗും നിർമ്മിക്കുന്നതിന് 27 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊട്ടിയൂർ റേഞ്ചിൽ 12 കിലോമീറ്റർ സോളാർ ഫെൻസിംഗ് ചെയ്യുന്നതിന് ടെൻഡർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊട്ടിയൂരിൽ 10.2 കിലോമീറ്റർ നീളത്തിൽ ആനമതിലും 52 കിലോമീറ്റർ നീളത്തിൽ സോളാർ ഫെൻസിംഗും പൂർത്തീകരിച്ചു. ശ്രീകണ്ഠാപുരത്ത് 15 കിലോമീറ്റർ സോളാർ ഫെൻസിംഗ് പൂർത്തീകരിച്ച് ഏഴ് കിലോമീറ്റർ തൂക്കുവേലിയും നിർമ്മിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണ് ശ്രീകണ്ഠാപുരത്ത് നിർമ്മിക്കുന്നത്.

മേയർ സുമ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ സുധാകരൻ എം.പി, എം.എൽ എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .വി. സുമേഷ്, മുഖ്യ വനം മേധാവി പി. കെ. കേശവൻ, കൗൺസിലർ ലിഷ ദീപക്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ, ഡി. എഫ് .ഒ കുറ ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.

സ്ഥലം നൽകിയവർക്ക് 1.68കോടി

കൊട്ടിയൂർ ആനത്താരക്ക് സ്ഥലം വിട്ടു നൽകിയ പതിനൊന്ന് കുടുംബങ്ങൾക്കും 1.68 കോടി രൂപ നൽകും. 5.46 ഹെക്ടർ ഭൂമിയാണ് രണ്ടാം ഘട്ടത്തിൽ ഏറ്റടുക്കുന്നത്. കൊട്ടിയൂർ റേഞ്ചിലെ വനാതിർത്തിയോട് ചേർന്ന 72 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 14.3 കോടിയുടെ പ്രപ്പോസൽ കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ബൈറ്റ്

സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയിട്ടുണ്ട്.

വനമേഖലയിലെ കർഷകർക്ക് വിള ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സർക്കാറിന്റെ പരിഗണനയിലാണ്. -മന്ത്രി കെ.രാജു

നഷ്ടപരിഹാരമായി നൽകിയത് 22.10 ലക്ഷം
22.10 ലക്ഷം രൂപയാണ് അദാലത്തിൽ വിവിധ വിഭാഗത്തിലുള്ളവർക്ക് നഷ്ടപരിഹാരമായി നൽകിയത്. 124 അപേക്ഷകളാണ് കൃഷിനാശം ഉൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ചത്.
നേരത്തെ ലഭിച്ച 180 അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു. ഇതിൽ 122 പരാതികളിൽ അപേക്ഷകർക്ക് അനൂകൂലമായ തീരുമാനം കൈകൊണ്ടു.