തൃക്കരിപ്പൂർ: യു.ഡി.എഫിന്റെ അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ പടന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ടി.കെ.സുബൈദക്കെതിരെ യു.ഡി.എഫ് തന്നെ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെയാണ് എൽ.ഡി.എഫ് , യു.ഡി.എഫിനെതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകിയത്. സുബൈദയുടെ നേതത്വത്തിലാണ് ഇന്നലെ നിലവിലെ പ്രസിഡന്റ് പി.സി.ഫൗസിയക്കെതിരെ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം ബ്ലോക്ക് പഞ്ചായത്തിൽ നിന്നുള്ള വരുണാധികാരി നിയന്ത്രിക്കുന്ന യോഗത്തിൽ വെച്ച് അവിശ്വാസ നോട്ടീസ് ചർച്ച ചെയ്യുകയും വോട്ടിനിട്ട് തീർപ്പുകൽപ്പിക്കുകയും ചെയ്യും. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടാൽ ഫൗസിയക്ക് പ്രസിഡന്റായി തുടരാൻ കഴിയും.അവിശ്വാസം വിജയിച്ചാൽ ഫൗസിയ രാജിവെച്ച് പുറത്തു പോകേണ്ടി വരും. തുടർന്ന് വരണാധികാരി തീരുമാനിക്കുന്ന മറ്റൊരു ദിവസം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം.
കഴിഞ്ഞ ദിവസം യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയത്തെ എതിർത്തവരും അസാധുവായ വോട്ടിന്റെ ഉടമയും ഒന്നിച്ചാൽ പടന്ന പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ് നേത്യത്വം.15 അംഗ ഭരണസമിതിയിൽ ഒമ്പത് അംഗങ്ങളുടെ അംഗബലമാണ് യു.ഡി.എഫിനുള്ളത്. ഇതിൽ നിന്ന് 7 വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചത്. ആറംഗങ്ങളുടെ പിൻബലമുള്ള എൽ.ഡി.എഫിനോട് കോൺഗ്രസിലെ സുബൈദയും ചേർന്നതോടെ ഇരുഭാഗത്തും തുല്യത കൈവന്നു. കോൺഗ്രസിലെ തന്നെ മറ്റൊരു അംഗത്തിന്റെ വോട്ടാണ് അസാധുവായിട്ടുള്ളത്.ഇവർ എൽ ഡി.എഫ് അവിശ്വാസത്തിന് നേരെയും ഇതേ നിലപാട് സ്വീകരിച്ചാൽ എഴു വീതം വോട്ടുമായി ഇരുപക്ഷവും തുല്യത പാലിക്കും. അതല്ലാതെ വോട്ട് ഇടതുപക്ഷത്തിന് അനുകൂലമാക്കി ചെയ്താൽ അത് ഭരണമാറ്റത്തിന് ഇടയാക്കും.