കാഞ്ഞങ്ങാട്: സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ കേന്ദ്രധനമന്ത്രി ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന പാക്കേജുകളുടെ നേട്ടം കോർപറേറ്റുകൾക്കാണെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാർ പറഞ്ഞു. മേലാങ്കോട്ട് ലയൺസ് ഹാളിലെ എം. ഗംഗാധരൻ നഗറിൽ രണ്ടു ദിവസത്തെ സി.ഐ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാറിന്റെ നവ ലിബറൽ നയത്തെ എതിർക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. ഇന്നത്തെ പ്രതിസന്ധിയിൽ നിന്നു കരകയറാൻ പുതിയ നയം വേണ്ടതുണ്ട്. പാക്കേജുകൾ കൊണ്ടൊന്നും ജനങ്ങളുടെ ദുരിതം മാറില്ല. പ്രതിസന്ധി സംബന്ധിച്ച് ധനമന്ത്രി കള്ളം പറയുകയാണ്. ബാങ്കുകളുടെ അടിത്തറ തകർന്നു. എൽ.ഐ.സിയുടെ ഓഹരി സ്വകാര്യമേഖലയ്ക്കു വിൽക്കുന്നു. സങ്കുചിത ദേശീയത വളർത്തിയെടുക്കുകയാണ് കേന്ദ്ര സർക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി. കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. മുതിർന്ന നേതാവ് എ.കെ. നാരായണൻ, കെ.പി. സഹദേവൻ, ജോർജ്ജ് കെ. ആന്റണി, പി.പി. പ്രേമ, ആർ. സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ വി.വി. രമേശൻ സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.