ഇരിട്ടി : 2018 ജൂൺ മാസം ജൂണിൽ ഇരിട്ടി ടൗണിൽ നിന്നും 72 ഗ്രാം ട്രമഡോൾ എന്ന മാരകമയക്കുമരുന്ന് പിടികൂടിയ കേസിൽ ഒന്നാം പ്രതിയായ തലശ്ശേരി സ്വദേശി അസ്മ മൻസിൽ ടി.കെ.കമറുദീൻ,​ രണ്ടാം പ്രതി തലശ്ശേരി എരഞ്ഞോളിപ്പാലം കമല നിവാസിൽ കെ. റംഷീദ് എന്നിവരെ വടകര എൻ .ഡി .പി .എസ് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചു.കമറുദീന് രണ്ട് വർഷം തടവും 10000 രൂപ പിഴയും റംഷീദിന് ഒരു വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന സി ആർ പദ്മകുമാർ ആണ് ഈ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇൻസ്‌പെക്ടർ സിനു കൊ യില്ല്യത്ത്, പ്രിവന്റീവ് ഓഫിസർമാരായ വിനോദൻ ടികെ, അബ്ദുൽ നിസാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിൽ കുമാർ, സജേഷ് പാറക്കണ്ടി, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സനൂജ് ഹാജരായി.മറ്റൊരു മയക്കുമരുന്ന് കേസിൽ പാപ്പിനിശേരി സ്വദേശി പൊന്നേൻ കൈകർക്കലി വീട്ടിൽ അർഷാദിന് പത്തര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു