ശ്രീകണ്ഠപുരം: പ്രളയത്തിൽ വെള്ളം കയറി മുങ്ങിയ ശ്രീകണ്ഠപുരം നഗരത്തിലെ മൂന്ന് എ.ടി.എമ്മുകളും ഒന്നര മാസമായിട്ടും തുറന്നില്ല. നിലവിൽ ശ്രീകണ്ഠപുരം നഗരത്തിലെത്തുന്നവർ പണത്തിനായി പരക്കം പായുന്ന സ്ഥിതിയാണുള്ളത്. വെള്ളം കയറി നശിച്ച എ.ടി.എമ്മുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

എസ്.ബി.ഐയുടെ രണ്ട് എ.ടി.എമ്മുകളാണ് ശ്രീകണ്ഠപുരം നഗരത്തിലുള്ളത്. ഇതിൽ ബസ് സ്റ്റാൻഡ് പരിസരത്തെ എ.ടി.എം.പൂർണമായും വെള്ളത്തിൽ മുങ്ങി കിടന്നിരുന്നു. സിൻഡിക്കേറ്റ് ബാങ്കിന്റെ എം.എം.കോംപ്ലക്‌സിലെ എ.ടി.എമ്മിലും ഫെഡറൽ ബാങ്കിന്റെ കെ.വി.എ.കോംപ്ലക്‌സിലെ എ.ടി.എമ്മിലും വെള്ളം കയറി നശിച്ചിരുന്നു. ഇവ മൂന്നും വെള്ളപ്പൊക്കത്തിനു ശേഷം തുറന്നിട്ടില്ല. കെ.എസ്.ഇ.ബി. പരിസരത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എസ്.ബി.ഐയുടെയും എ.ടി.എമ്മുകളെ ആശ്രയിച്ചാണ് നിലവിൽ പണമിടപാടുകൾ നടത്തുന്നത്. ബസ് സ്റ്റാൻഡിലുള്ളവർക്ക് കെ.എസ്.ഇ.ബി. പരിസരത്ത് എത്തണമെങ്കിൽ 500 മീറ്ററിലധികം നടക്കണം. വൈദ്യുതി പ്രശ്‌നം മൂലം ഈ എ.ടി.എമ്മുകൾ പണിമുടക്കുന്ന ദിവസങ്ങളിൽ പണം കിട്ടാതെ ഇടപാടുകാർ വലയുന്ന അവസ്ഥയാണ്. ഈ രണ്ട് എ.ടി.എമ്മുകൾക്ക് മുന്നിൽ ഏറെ നേരം ക്യൂവിൽ നിന്നാൽ മാത്രമാണ് പണം ലഭിക്കുന്നത്. വെള്ളം കയറിയ ശ്രീകണ്ഠപുരത്തെ മറ്റ് കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചെങ്കിലും എ.ടി.എമ്മുകൾ പ്രവർത്തനക്ഷമമാക്കാത്തിൽ പ്രതിഷേധമുയരുന്നുണ്ട്. നിലവിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന എ.ടി.എം.വാഹനം ബസ് സ്റ്റാൻഡിൽ വരാറുണ്ടെങ്കിലും ഇതും കഴിഞ്ഞ ദിവസം നിർത്തലാക്കി.