പഴകിയ ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു

സാധനങ്ങൾ സൂക്ഷിക്കുന്ന കേടായ

ഫ്രിഡ്ജിൽ ഉറുമ്പുകളും പുഴുക്കളും

കാസർകോട്: ദേശീയപാതയോരത്ത് അനധികൃത കച്ചവടം പാടില്ലെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാസർകോട് നഗരസഭാ പരിധിയിലെ തട്ടുകടകൾ ഒഴിപ്പിക്കാനെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണം പാകം ചെയ്യുന്ന വൃത്തിഹീനമായ പരിസരം കണ്ട് ഞെട്ടി. മൂക്കുപൊത്തിയാണ് പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥർ തട്ടുകടകൾ ഒഴിപ്പിച്ചത്.

മലിനജലം ഒഴുകിപ്പോകുന്ന ഓടയ്ക്ക് സമീപത്തും മറ്റും സ്ഥാപിച്ചിട്ടുള്ള തട്ടുകടകൾ വളരെ വൃത്തിഹീനമായ പരിസരത്താണ് പാചകം ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കേടായ ഫ്രിഡ്ജിനകത്ത് ഉറുമ്പുകളും പുഴുക്കളും, ദിവസങ്ങൾ പഴക്കമുള്ള പുഴുങ്ങിയ മുട്ടകളും ഉപയോഗിച്ച എണ്ണയും കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ദേശീയപാതയോരത്ത് വിദ്യാനഗർ മുതൽ കറന്തക്കാട് വരെയുള്ള പന്ത്രണ്ടോളം തട്ടുകടകളാണ് ഒഴിപ്പിച്ചത്.

ഓഗസ്റ്റ് 31ന് ചേർന്ന ജില്ലാ വികസനസമിതി യോഗം ഇത്തരം കടകൾക്കുനേരേ നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ എ.കെ ദാമോദരൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. വി. രാജീവൻ, അബൂബക്കർ സിദ്ദിഖ്, ജെ.എച്ച്.ഐമാരായ മധു, രൂപേഷ് എന്നിവരും പി.ഡബ്ല്യു.ഡി ദേശീയപാത അധികൃതരും പൊലീസും തട്ടുകടകൾ ഒഴിപ്പിക്കുന്ന നടപടികളിൽ പങ്കെടുത്തു.

പ്രതിഷേധവുമായി സി.ഐ.ടി.യു

അതിനിടെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി സി.ഐ.ടി.യു രംഗത്തുവന്നു. കാസർകോട്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് നിർത്തിവെക്കണമെന്ന് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കാസർകോട് ഏരിയാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം നടപ്പാക്കാനുള്ള നടപടി സ്വീകരിച്ച് മാത്രമേ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് കച്ചവടസ്ഥാപനങ്ങൾ മാറ്റാൻ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ചാണ് നിലവിലെ ഒഴിപ്പിക്കലെന്ന് അവർ ആരോപിച്ചു. പ്രസ്തുത നടപടിയിൽനിന്ന് അധികൃതർ പിന്തിരിഞ്ഞില്ലെങ്കിൽ പ്രത്യക്ഷസമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഏരിയാ കമ്മിറ്റി അറിയിച്ചു.