കാസർകോട്: മഞ്ചേശ്വരത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി രവീശതന്ത്രി കുണ്ടാറിനെ ബി.ജെ.പി കേന്ദ്രനേതൃത്വം നിശ്ചയിച്ചതിനു പിന്നാലെ ചേർന്ന പഞ്ചായത്ത് കൺവെൻഷനിൽ സംഘർഷവും പൊട്ടിക്കരച്ചിൽ ഉൾപ്പെടെ നാടകീയ രംഗങ്ങളും. സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എൽ. ഗണേഷിനെ പ്രവർത്തകർ തടഞ്ഞുവച്ചു. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കു നേരെയും കൈയ്യേറ്റമുണ്ടായി. സംഘർഷത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് കാമറാമാൻ സുനിൽകുമാറിന് മർദ്ദനമേറ്റു. കാമറ തകർത്തതായും പരാതിയുണ്ട്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപ്പളയിൽ നടന്ന കൺവൻഷനിൽ നേതാക്കൾക്കെടിരെ മഞ്ചേശ്വരം, കുമ്പള പഞ്ചായത്ത് കമ്മിറ്റികളുടെ പ്രതിഷേധം. മണ്ഡലം കൈവിട്ടുപോകുമെന്ന് വിളിച്ചുപറഞ്ഞ് കൺവെൻഷനിൽ ചിലർ പൊട്ടിക്കരയുകയും ചെയ്തു. കെ. സുരേന്ദ്രൻ, കെ. ശ്രീകാന്ത്, സതീഷ് ഭണ്ഡാരി എന്നിവരിലൊരാൾ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ ഇന്നലെ ദേശീയ നേതൃത്വം രവീശതന്ത്രി കുണ്ടാറിന്റെ പേരിന് അംഗീകാരം നൽകുകയായിരുന്നു. പ്രവർത്തകരെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമം തുടരുകയാണ്.
ഒറ്റക്കെട്ടെന്ന്
രവീശ തന്ത്രി
തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാർ പറഞ്ഞു. പ്രവർത്തകരുടെ വികാരപ്രകടനം താത്കാലികമാണ്. ആര് സ്ഥാനാർത്ഥിയാകണമെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. പ്രഖ്യാപനം വന്നുകഴിഞ്ഞാൽ അത് അനുസരിക്കുകയാണ് അച്ചടക്കമുള്ള പ്രവർത്തകരുടെ കടമ.