കണ്ണൂർ: ചരിത്രം കുറിക്കുന്ന വലിയ യാത്രയ്ക്ക് ഒരുങ്ങി ഏകതാ പരിഷത്ത് സ്ഥാപകൻ പദയാത്ര ഗാന്ധി എന്ന പി.വി. രാജഗോപാൽ. ഇതിനകം വിവിധ ഘട്ടങ്ങളിലായി 35,000 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയ രാജഗോപാൽ 11,000 കിലോമീറ്റർ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ് ഗാന്ധിജയന്തി ദിനമായ നാളെ.
താമസിക്കാൻ വീട്, കൃഷി ചെയ്യാൻ കുറച്ച് സ്ഥലം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം ഭൂരഹിതരെ സംഘടിപ്പിച്ചുള്ള യാത്ര ജയ് ജഗത് 2020 സാർവദേശീയ പദയാത്ര ഒക്ടോബർ രണ്ടിന് ഡൽഹിയിൽ നിന്നു തുടങ്ങി 2020 ഒക്ടോബർ രണ്ടിന് ജനീവയിൽ സമാപിക്കുമെന്ന് രാജഗോപാൽ കേരളകൗമുദിയോട് പറഞ്ഞു. തങ്ങളുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ മാർച്ച് തുടരും.
ഹരിയാനയിലെ പൽവാളിൽ നിന്നുള്ള 25,000 ഭൂരഹിതരായ ആളുകളുമായി തുടങ്ങുന്ന കാൽനട ജാഥയിൽ ഡൽഹിയിൽ എത്തുമ്പോഴേക്കും ഒരു ലക്ഷം പേർ അണിനിരക്കുമെന്നും ഒക്ടോബർ 2നും 11നും ഇടയ്ക്ക് സമാന മാർച്ചുകൾ ഇന്ത്യയിലെമ്പാടും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തില്ലങ്കേരി സ്വദേശിയായ രാജഗോപാൽ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഭൂമിയ്ക്ക് മേലുള്ള അവകാശത്തിനായി വിവിധ തലങ്ങളിൽ നിരന്തരം പോരാടുകയാണ്. സമാന ചിന്താഗതിയുള്ള മറ്റ് സംഘടനകളുമായും അവർ കൈകോർക്കും.
'സർക്കാറിന്റെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ ജനസംഖ്യയിൽ 57 ശതമാനം പേരും ഭൂരഹിതരാണ്. ഇത് തുടരുകയാണെങ്കിൽ അത് നമ്മെ കുഴപ്പങ്ങളിലേക്ക് കൊണ്ടെത്തിക്കും'. ഗാന്ധിയൻ കൂടിയായ രാജഗോപാൽ പറഞ്ഞു. വികലമായ വികസന നയങ്ങളാണ് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചത്. വ്യവസായവത്കരണത്തിലും നഗരവത്കരണത്തിലുമാണ് നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളെയും കൃഷിയെയും കർഷകനെയുമൊക്കെ നാം മറന്നുപോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.