കണ്ണൂർ:നിലവിലുള്ള പദ്ധതികളിൽ മാലിന്യ സംസ്‌കരണ പ്ലാന്റിന് ഭൂമി വാങ്ങൽ, റോഡ് റീടാറിംഗ്, റോഡ് കോൺക്രീറ്റ്, വനിതാ ഹോസ്റ്റലിന് സ്ഥലമെടുപ്പ് തുടങ്ങി പത്തെണ്ണത്തിൽ ഭേദഗതിയ്ക്ക് ഇന്നലെ ചേർന്ന കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അംഗീകാരം. ഇടതുവലത് കൗൺസിലർമാറുടെ നീണ്ട വാഗ്ദാനത്തിന് ശേഷമാണ് പദ്ധതി ഭേദഗതി അംഗീകരിച്ചതായി മേയർ സുമ ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്.
കോർപറേഷന്റെ 2019-20 വർഷത്തെ വാർഷിക പദ്ധതിയിലാണ് ഈ ഭേദഗതികൾ. ഉന്നത പഠനം നടത്തുന്ന പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് നൽകൽ വിദേശത്തു പോകുന്നവർക്ക് ധനസഹായം, രോഗ ബാധിത തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നടൽ, ഓവുചാൽ നിർമാണം, മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ, വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കൽ, തെരുവ് വിളക്ക് ലൈൻ വലിക്കൽ, തെരുവ് വിളക്ക് വാങ്ങൽ, യോഗ, നീന്തൽ, ഫുട്‌ബോൾ പരിശീലനം, ഒറ്റത്തവണ മാലിന്യ നിർമാർജ്ജനം തുടങ്ങിവയാണ് പുതുതായി ഉൾകൊള്ളിച്ചത്.

തുക വെട്ടികുറക്കുന്നത് പദ്ധതി നിർവഹണത്തിനു തടസമാവുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.കൗൺസിൽ യോഗത്തിൽ മേയർ സുമാബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ.മോഹനൻ, പി. ഇന്ദിര, സി. സമീർ, സി. എറമുല്ലാൻ, പ്രകാശൻ, രഞ്ചിത്ത് താളിക്കാവ്,എൻ. ബാലകൃഷ്ണൻ, ടി. രവീന്ദ്രൻ, പ്രമോദ്, കെ.പി സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

നിലവിൽ ആവശ്യത്തിനുള്ള ഫണ്ട് സർക്കാരിൽ നിന്നു ലഭിക്കുന്നില്ല. പദ്ധതി നിർവഹണ കാര്യത്തിൽ സോണലുകളിലെ എൻജിനിയറിംഗ് വിഭാഗങ്ങളിലടക്കമുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പദ്ധതിയുടെ ഫയലുകൾ കൃത്യമായി പൊതുമരാമത്ത് കമ്മിറ്റിക്ക് ലഭ്യമാക്കുന്നില്ല.സർക്കാരിന്റെ ഫണ്ട് വെട്ടികുറക്കുന്നതിനു പുറമെ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നതും പദ്ധതി നിർവഹണത്തെ ബാധിക്കുന്നുണ്ട്.
ടി.ഒ.മോഹനൻ ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ