periya-murder

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതറിഞ്ഞ് ഇരുകുടുംബങ്ങളിലും വികാരനിർഭരമായ രംഗങ്ങൾ. പ്രാർത്ഥനയും കണ്ണീരും കൊണ്ട് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല കൃപേഷിന്റെ അമ്മ ബാലാമണിക്ക്. കേസ് ഹൈക്കോടതി ഇന്നലെ പരിഗണിക്കുമെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലായിരുന്നു, ഈ അമ്മ.

'ഞങ്ങളുടെ കാത്തിരിപ്പ് വെറുതെയായില്ല. കുടുംബത്തിന്റെ കണ്ണീരു കാണാൻ കോടതി തയ്യാറായി ..' വിധി കേട്ടയുടൻ കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനും പറഞ്ഞു. മക്കളെ കൊലചെയ്ത യഥാർത്ഥ പ്രതികളെയും കൂട്ടുനിന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐയ്‌ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. കുറ്റപത്രത്തിലെ പോരായ്മ കണ്ടപ്പോഴാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയത്. ഹൈക്കോടതിയിൽ പോകാനും കേസ് നടത്താനും സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. സി.ബി.ഐ അന്വേഷണത്തിൽ നീതികിട്ടുമെന്ന പ്രതീക്ഷയുമുണ്ട്..' കൃഷ്ണനും സത്യനാരായണനും തുടർന്നു.

ആങ്ങളമാരെ കൊല്ലാനും കൊല്ലിക്കാനും കൂട്ടുനിന്നവർ നാട്ടിൽത്തന്നെയുണ്ടെന്നും മുഴുവൻ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം സഹായിക്കുമെന്നു കൃപേഷിന്റെ മൂത്ത സഹോദരി കൃപ പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ പോയി സർക്കാർ ഇനിയും അത് ഇല്ലാതാക്കുമോ എന്നാണ് കൃപയുടെ ആശങ്ക.അന്വേഷണം തൃപ്തികരമല്ലെന്നും കൊല നടത്താൻ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് അന്വേഷണം പോലുമുണ്ടായില്ലെന്നും ആരോപിച്ചാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഒരു വർഷത്തിലധികം നീണ്ട കാത്തിരിപ്പിനു ശേഷമാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവ്. കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനുമാണ് കേസിൽ ഹൈക്കോടതിയെ സമീപിച്ച് നിയമയുദ്ധം തുടങ്ങിയത്.