കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ചർച്ചയിലേക്ക്. കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടതോടെയാണ് കാസർകോടിന്റെ രാഷ്ട്രീയചർച്ചകളിൽ വീണ്ടും ഈ ഇരട്ടക്കൊലക്കേസ് എത്തുന്നത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇരട്ടക്കൊലക്കേസ് ചർച്ചയാകുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ പോലും ബാധിച്ചേക്കും.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം ഇരട്ടക്കൊലയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഈ സംഭവം ജനങ്ങളിൽ നിന്ന് അൽപം മാറിത്തുടങ്ങിയത്.
ഡിസംബറിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഒരുക്കത്തിലേക്ക് കല്ല്യോട്ട് പ്രദേശം നീങ്ങിക്കൊണ്ടിരിക്കെ കേസ് വീണ്ടും ചർച്ചയാകുന്നത് പെരുങ്കളിയാട്ടത്തിന്റെ ഒരുക്കത്തെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17 ന് സന്ധ്യയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല അരങ്ങേറിയത്. പെരുങ്കളിയാട്ടത്തിന്റെ ആഘോഷക്കമ്മിറ്റി രൂപീകരിച്ച് ആളുകൾ പിരിയുന്നതിനിടയിലാണ്, അതിൽ സജീവമായി പങ്കെടുത്ത കൃപേഷിനെയും ശരത്തിനെയും സി.പി.എമ്മുകാരായ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
വിധി വന്നത് രണ്ടാമത്തെ ഹർജിയിൽ
ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടിയില്ലെന്നും ഗൂഢാലോചന നടത്തിയവരെ കുറിച്ച് അന്വേഷണം പോലും നടത്തിയില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും പറഞ്ഞാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം നൽകിയ ഹരജി പിൻവലിച്ച് കുറ്റപത്രം നൽകിയതിനു ശേഷം കുറ്റപത്രത്തിലെ പോരായ്മകൾ ചൂണ്ടികാണിച്ചു പുതുക്കിയ ഹരജി കഴിഞ്ഞ മാസമാണ് കുടുംബം ഹൈക്കോടതിയിൽ നൽകിയത്. നീണ്ട കാത്തിരിപ്പിനു ശേഷമാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി വിധി വന്നത്. കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ കൃപേഷിന്റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണനുമാണ് കേസ് സി.ബി.ഐക്ക് വിടാൻ ഹൈക്കോടതിയെ സമീപിച്ചു നിയമയുദ്ധം തുടങ്ങിയത്.