ചെറുവത്തൂർ: ഗാന്ധിജയന്തി ദിനത്തിൽ കാര്യങ്കോട് പുഴയിൽ സംഘടിപ്പിക്കുന്ന ഉത്തര മലബാർ ജലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, നീലേശ്വരം, ചെറുവത്തൂർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

പുരുഷന്മാർക്കായി 25 ആൾ, 15 ആൾ തുഴയുന്ന മത്സരവും വനിതകൾക്കായി 15 ആൾ തുഴയും മത്സരവുമാണ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ഇ. ചന്ദ്രശേഖരൻ മേള ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം. എൽ.എ. അധ്യക്ഷത വഹിക്കും.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥി ആയിരിക്കും. ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. 25 ആൾ തുഴയുന്ന പ്രധാന മത്സര വിജയികൾക്ക് 50000 രൂപ കാഷ് പ്രൈസും മഹാത്മ ഗാന്ധി ട്രോഫിയുമാണ് സമ്മാനം.

വാർത്താസമ്മേളനത്തിൽ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, എം.പി. പത്മനാഭൻ, എം.വി. യൂസഫലി, രാമകൃഷ്ണൻ, രാധാകൃഷ്ണൻ, സജീവൻ വെങ്ങാട്ട് പങ്കെടുത്തു.

വില്ലേജ് ഓഫീസ് ഉപരോധം

ചെറുവത്തൂർ വില്ലേജ് ഓഫീസ് ഉപരോധം കർഷക സംഘം ജില്ലാ പ്രസിഡന്റ് പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു
എം.സരോജിനി അദ്ധ്യക്ഷത വഹിച്ചു. വെങ്ങാട്ട് കുഞ്ഞിരാമൻ, കെ. കണ്ണൻ, എം. ബാലകൃഷ്ണൻ, ടി. നാരായണൻ, സി. കുഞ്ഞികൃഷ്ണൻ, കെ. മുരളി, പി.സി. സുബൈദ, കെ.എം ജോസഫ്,എന്നിവർ സംസാരിച്ചു. പി.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു

ഇലക്കറി പാചക മത്സരം

ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ സ്മാരക വായനശാലയും ശ്രീകുമാർ ക്ലബ്ബ് വനിതാവേദിയും സംയുക്തമായി ഇലക്കറി പാചകമത്സരം സംഘടിപ്പിച്ചു. മുപ്പതിലധികം പേർ ചേർന്ന് ഇരുന്നൂറിലധികം വിഭവങ്ങളൊരുക്കി. കേന്ദ്ര കൃഷി അവാർഡ് ജേതാവ് കെ.ബി.ആർ കണ്ണൻ മുഖ്യാതിഥിയായിരുന്നു. എം.ശാന്ത, എ.ടി.സുനിത എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വി. അശ്വതി, ടി.എസ്. സൗമ്യ, കെ.ആർ. അനിഷേധ്യ എന്നിവർ നേതൃത്വം നൽകി.