onam-special-train

കോഴിക്കോട്: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളുടെ പട്ടികയിൽ ഇത്തവണയും ബംഗളൂരു റൂട്ടിന് ഇടമില്ല. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഈ റൂട്ട് റെയിൽവേ സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിക്കായി തീറെഴുതിയ മട്ടാണ്.

കഴിഞ്ഞ വർഷം ഏറെ സമ്മർദ്ദത്തെ തുടർന്ന് വളരെ വൈകി ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഒരു ഓണം സ്പെഷ്യൽ നൽകിയിരുന്നു. ഇത്തവണ അതും അനുവദിച്ചിട്ടില്ല.

സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ മുഴുവൻ ടിക്കറ്റുകളും മൂന്നിരട്ടിയിലേറെ വരെ നിരക്കിന് വിറ്റഴിഞ്ഞ ശേഷമാണ്‌ കഴിഞ്ഞ തവണ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബിയിൽ നിന്ന് വൻതുക കോഴ വാങ്ങി, ബംഗളൂരു ട്രെയിനിന്‌ സൗത്ത് വെസ്റ്റ് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണെന്ന ആരോപണം മുറുകിയതിനു പിറകെയാണ് കൊച്ചുവേളി സ്പെഷ്യൽ അനുവദിച്ചത്. ഇത്തവണത്തെ സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിംഗ് ഇന്നലെ രാവിലെ തുടങ്ങി.

ഓണം സ്പെഷ്യൽ ട്രെയിനുകൾ:

(സെപ്തംബറിൽ)

 തിരുവനന്തപുരം -മംഗലാപുരം (06095): 9 ന് വൈകിട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗലാപുരത്ത് എത്തും.

 തിരുവനന്തപുരം -മംഗലാപുരം സുവിധ സ്പെഷ്യൽ (82641): 11 ന് വൈകിട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗലാപുരത്ത് എത്തും.

 മംഗലാപുരം -തിരുവനന്തപുരം (06096): 10, 12 തീയതികളിൽ ഉച്ചയ്ക്ക് 12.15ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.05ന് തിരുവനന്തപുരത്ത് എത്തും.

 ചെന്നൈ സെൻട്രൽ - കൊച്ചുവേളി (82635): 9 ന് രാത്രി 7 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15 ന് കൊച്ചുവേളിയിൽ എത്തും.

 കൊച്ചുവേളി - ചെന്നൈ സെൻട്രൽ (06076): സെപ്തംബർ 10ന് വൈകിട്ട് 6.05 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.20ന് ചെന്നൈ സെൻട്രലിൽ എത്തും.

ചെന്നൈ സെൻട്രൽ - എറണാകുളം ജംഗ്‌ഷൻ (06077): 11 ന് രാത്രി 7 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.45 ന് എറണാകുളം ജംഗ്‌ഷനിൽ എത്തും.

എറണാകുളം ജംഗ്‌ഷൻ - ചെന്നൈ സെൻട്രൽ (06078): 12 ന് വൈകിട്ട് 5.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് ചെന്നൈ സെൻട്രലിൽ എത്തും.

ചെന്നൈ സെൻട്രൽ - കൊച്ചുവേളി സുവിധ (82637): 10ന് ഉച്ചയ്ക്ക് 3 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.05ന് കൊച്ചുവേളിയിൽ എത്തും.

കൊച്ചുവേളി - ചെന്നൈ സെൻട്രൽ സുവിധ (82638): 11ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.25 ന് ചെന്നൈ സെൻട്രലിൽ എത്തും.