കോഴിക്കോട്: മലയാളത്തിന്റെ കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി.വാസുദേവൻ നായർ പറഞ്ഞു. മറ്റു ഭാഷക്കാർക്ക് വല്ലപ്പോഴുമൊക്കെ നമ്മൾ കടം കൊടുക്കാറുമുണ്ട്. എന്നും ശോഭയോടെ തന്നെയുണ്ടാവട്ടെ ഈ കെടാവിളക്ക്. സുഹൃത്തും സഹോദരനുമൊക്കെയായി എന്റെ ജീവിതത്തിന്റെ ഭാഗമാണ് മമ്മൂട്ടി- പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ - കൾച്ചറൽ അവാർഡ് മമ്മൂട്ടിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു എം.ടി.
ഈ പുരസ്‌കാരം തന്റെ ബാദ്ധ്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിച്ചതായി അവാർഡ് ഏറ്റുവാങ്ങി മമ്മൂട്ടി പറഞ്ഞു. കാരുണ്യപ്രവർത്തനങ്ങൾ സാക്ഷാത്‌രിക്കപ്പെടാത്ത സ്വപ്നമാണെന്നും ആ രംഗത്ത് സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാഗോർ സെന്റിനറി ഹാളിൽ ഒരുക്കിയ ചടങ്ങ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിക്കുള്ള പ്രശസ്തിപത്രം സമർപ്പണവും അവർ നിർവഹിച്ചു. എം.പി വീരേന്ദ്രകുമാർ എം.പി അദ്ധ്യക്ഷനായിരുന്നു. അനുസ്മരണസമിതി ചെയർമാൻ വയലാർ രവി എം.പി അവാർഡിനെക്കുറിച്ച് വിശദീകരിച്ചു. മാനേജിംഗ് ട്രസ്റ്റി പി.വി.ചന്ദ്രൻ മമ്മൂട്ടിയെ പൊന്നാട ചാർത്തി. ട്രസ്റ്റി പി.വി.ഗംഗാധരൻ പുഷ്പഹാരം അണിയിച്ചു. പി.വി.നിധീഷ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സത്യൻ അന്തിക്കാട്, പി.കെ. അഹമ്മദ്, ശ്യാംസുന്ദർ ഏറാടി, ഡോ.ടി.കെ.ജയരാജ് എന്നിവർ സംസാരിച്ചു.
രാവിലെ പി.വി.സാമി അനുസ്മരണ സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. കെ.മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ഐ.പി.പുഷ്പരാജ്, അഡ്വ.പി.എം. സുരേഷ്ബാബു, അഡ്വ.എം.രാജൻ എന്നിവർ സംസാരിച്ചു.
'ഇന്ത്യ ഇപ്പോൾ നിക്ഷേപസൗഹൃദ രാഷ്ട്രമോ' എന്ന വിഷയത്തിലുള്ള സെമിനാറിൽ ജോസഫ് സി. മാത്യു, എം.ടി.രമേശ്, സി.പി. ജോൺ എന്നിവർ പങ്കെടുത്തു.