കോഴിക്കോട്: മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ എക്സ്-റേ മെഷീൻ പണിമുടക്കിയതോടെ രോഗികൾ വല്ലാതെ വലഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് അത്യാഹിത വിഭാഗത്തിലെ രണ്ടു എക്സ്-റേ മെഷീനുകളും കേടായത്. പെട്ടെന്ന് എക്സ്-റേ എടുക്കേണ്ട രോഗികൾക്ക് ഇതു വലിയ ബുദ്ധിമുട്ട് വരുത്തിവെച്ചു. പിന്നീട് 19-ാം നമ്പർ ഒ.പി.ബ്ലോക്കിലെ എക്സ്-റേ വിഭാഗത്തിൽ മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് പലർക്കും പരിശോധന കഴിഞ്ഞ് റിപ്പോർട്ട് ലഭിച്ചത്. തിരക്ക് അനിയന്ത്രിതമായപ്പോൾ മിക്കവർക്കും കൂടുതൽ പണം കൊടുത്ത് സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടി വന്നു. രാത്രി ഏറെ വൈകിയാണ് എക്സ്-റേ യന്ത്രം നന്നാക്കാനുള്ള ശ്രമം തുടങ്ങിയത്.