crime
ചോറോട് രാമത്ത് മലയുടെ ഒരു ഭാഗം നിരത്തിയ നിലയില്‍

വടകര: മഹാപ്രളയം വരുത്തിവെച്ച ദുരന്തങ്ങൾ മറന്ന് വടകര മേഖലയില്‍ നിര്‍ബാധം അനധികൃത കുന്നിടിക്കല്‍ തുടരുന്നു. അധികാരികളെ നോക്കുകുത്തിയാക്കിയാണിത്.

മാഫിയകള്‍ സംഭാവനയുടെ മറവില്‍പോലും ലോഡു കണക്കിന് മണ്ണ് കടത്തുകയാണ്. സര്‍ക്കാര്‍ മരാമത്തുകൾക്ക് കുന്നിടിക്കാനുള്ള അനുമതിയുടെ പേരിലും കടന്നാക്രമണമുണ്ട്. താലൂക്ക് വികസന സമിതി വിലക്ക് കല്പിച്ച ഇടങ്ങളിലും കുന്നുകള്‍ ഇടിച്ചുനിരത്തുന്നുണ്ട്. ചോറോട് പഞ്ചായത്തിലാണ് കുന്നിടിക്കൽ ഏറ്റവും കൂടുതല്‍ നടക്കുന്നത്. കണാശേരി കുന്ന്, അങ്ങാടിമല, രാമത്ത് മല, മൊട്ടന്തറക്കുന്ന്, കണിയാംകുന്ന്, പാഞ്ചേരി കുന്ന്, കുറുക്കന്‍ കുന്ന്, ആന്തീക്കുന്ന്, മൊട്ടേമ്മല്‍ കുന്ന്, കോമള്ളി കുന്ന് എന്നിവ ഏതാണ് പൂര്‍ണമായും ഇടിച്ചുനിരത്തിയ നിലയിലാണ്. ഇവിടങ്ങളില്‍ ശേഷിക്കുന്ന ഭാഗവും ഇടിച്ചു തീർക്കാനുള്ള നീക്കത്തിലാണ് മണ്ണ് മാഫിയ.

വില്ല്യാപ്പള്ളി പഞ്ചായത്തിലെ വലിയമല, മനത്താമ്പ്ര മല, ചാലിക്കുന്ന്, ആരൂറകുന്ന്, ആലങ്കാട് മീത്തല്‍ കുന്ന്, ചോന്ന മല, കൊടക്കാട് കുന്ന്, ഏറാമല പഞ്ചായത്തിലെ ചെമ്പ്രക്കുന്ന്, പള്ളിക്കുന്ന്, കൊടക്കുന്ന്, ഒഞ്ചിയം പഞ്ചായത്തിലെ മടപ്പള്ളി കുന്ന്, വല്ലത്തുകുന്ന്, എടക്കണ്ടി കുന്ന്, അഴിയൂരിലെ കറപ്പക്കുന്ന്, ബംഗ്ലക്കുന്ന്, പാതിക്കുന്ന്, കോട്ടാമല കുന്ന്, വേട്ടക്കര കുന്ന് എന്നിവിടങ്ങളിലും മണ്ണെടുപ്പ് തുടരുന്നുണ്ട്. രാഷ്ട്രീയകക്ഷികളും സന്നദ്ധസംഘടനകളും പ്രതിഷേധവുമായി വന്നാല്‍ താത്കാലികമായി പിന്‍വാങ്ങുന്ന സംഘം വീണ്ടും ശക്തമായി തിരിച്ചുവരികയാണ്.