കോഴിക്കോട്: കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലെ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് സയമക്രമം പാലിക്കാത്തത് സ്വകാര്യ ബസ്സുകളുടെ കലക്ഷനെ ബാധിക്കുന്നുവെന്ന് കോഴിക്കോട്- ബാലുശ്ശേരി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നിലവിൽ കെ.എസ്.ആർ.ടി.സി 36 സർവീസുകൾ ഈ റൂട്ടിൽ നടത്തുന്നുണ്ട്. അത് കൂടാതെയാണ് പുതിയ ചെയിൻ സർവീസ് ആരംഭിച്ചത്. സമയനിഷ്ഠ പാലിക്കാതെ പത്തു മിനുട്ട് ഇടവിട്ട് നടത്തുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ മൂലം ബസുകൾ മത്സര ഓട്ടത്തിന് മുതിരേണ്ട അവസ്ഥയാണെന്നും ബസുടമകൾ പറഞ്ഞു.

ചെയിൻ സർവീസ് ആരംഭിച്ച നടപടി സർക്കാർ പിൻവലിക്കുകയോ സ്വകാര്യ ബസുകളെ ബാധിക്കാത്ത വിധം കെ.എസ്.ആർ.ടി.സി സമയക്രമം പാലിക്കുകയോ ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കോഴിക്കോട്- ബാലുശ്ശേരി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ജി.കെ ബാലൻ, പ്രസിഡന്റ് അബ്ദുൾ ലത്തീഫ്, വൈസ് പ്രസിഡന്റ് ടി.വി ബാബു, പി.കെ ഷമീർ, കെ.കെ മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.