മാനന്തവാടി: വയനാട്ടിൽ ജൈവ നെൽകൃഷിയുടെ കലവറയാകുവാനൊരുങ്ങുകയാണ് തിരുനെല്ലിയിലെ പാടശേഖരങ്ങൾ. ജില്ലയിലെ ഭൂരിഭാഗം പാടശേഖരങ്ങളിൽ നിന്നും നെൽകൃഷി തന്നെ പടിയിറങ്ങി തുടങ്ങിയ അവസരത്തിൽ ജൈവരീതിയിൽ നെൽകൃഷിയെ വിജയമാക്കിത്തീർക്കുകയാണ് തിരുനെല്ലിയിലെ ഒരു പറ്റം കർഷകർ.
കുടിയേറ്റകാലം മുതൽ സ്വന്തം പാടശേഖരത്ത് മുടങ്ങാതെ കൃഷിയിറക്കുന്നയാളാണ് കാട്ടിക്കുളം താഴത്ത്മുറി ടി സി ജോസഫ്. കുടിയേറ്റ കർഷകനായ ഇദ്ദേഹം നെൽപ്പാടങ്ങളെ തിരികെയെത്തിച്ച് നെൽകൃഷിയിൽ വിജയം കൊയ്യുകയാണ്.
കഴിഞ്ഞവർഷം ഒരേക്കറിലാണ് ജൈവ രീതിയിൽ കൃഷിയിറക്കിയത്. 15 പാടശേഖരങ്ങളിലായി 800 ഏക്കർ പാടശേഖരമുണ്ടായിരുന്നു തിരുനെല്ലിയിൽ. കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധികളും തിരുനെല്ലിയിലെ പാടശേഖരത്തെ തരിശാക്കി മാറ്റുകയായിരുന്നു. പരാജയം സമ്മതിച്ച് പലരും നെൽകൃഷിയിൽ നിന്ന് പിൻവാങ്ങിയപ്പോഴാണ് തിരുനെല്ലിയിൽ ജൈവകർഷകരുടെ കൂട്ടായ്മ പിറവിയെടുത്തത്. പനവല്ലിയിലാണ് തണൽ സഘടന ആദ്യമായി പഴയകാല നെൽവിത്തുകളുടെ ശേഖരണവും ജൈവകൃഷിയും ആരംഭിച്ചത്. 267 ഇനം നെൽവിത്തുകളുടെ ശേഖരമുണ്ടിവിടെ. തൃശ്ശിലേരിയിലെ രാജേഷ് കൃഷ്ണൻ, ജോൺസൺ എന്നിവരുടെ നേതൃത്വത്തിലാണ് തണലിന്റെ പ്രവർത്തനം തിരുനെല്ലി പഞ്ചായത്തിൽ നൂറ്റിയൻപതോളം ഏക്കറിൽ പഴയ കാല നെൽവിത്തുകൾ തികച്ചും ജൈവരീതിയിൽ കൃഷി ചെയ്യുന്നുണ്ട്. പുതുമഴ പെയ്യുമ്പോൾ തന്നെ ഡെയ്ഞ്ച പയർ കൃഷി ചെയ്ത് അടിസ്ഥാനവളം ശേഖരിക്കും. നാട്ടിക്ക് വയൽ ഒരുക്കുമ്പോൾ നാല് അടി വരെ വളർന്ന ചെടി പൂട്ടി മണ്ണിൽ ചേർക്കുന്നതോടെ നിറഞ്ഞ ജൈവവളം ആകും.
ഞാറ് സുഡോ മോണസിൽ മുക്കിയാണ് നടീൽ. നട്ട് പതിനഞ്ചു ദിവസം കഴിയുമ്പോൾ ജീവാമൃതം കൊടുക്കും. ഇരുപത് കിലോ ചാണകം, അഞ്ച് കിലോ കടലപിണ്ണാക്ക്, രണ്ട് കിലോ ചെറുപയർ പൊടി, രണ്ട് കിലോ ശർക്കര, രണ്ട് കിലോ നല്ല മേൽമണ്ണ്, പത്ത് ലിറ്റർ ഗോമൂത്രം, അൽപം ശീമകൊന്ന ചപ്പ് ഇവ ഇരുന്നൂറ് ലിറ്റർ വെള്ളത്തിൽ അഞ്ചു ദിവസം പുളിപ്പിച്ച് 300 മില്ലി സുഡോമോണസും ചേർത്ത് നെല്ലിൽ ഒഴിക്കും. ഓല ചുരുട്ടി പുഴു വന്നാൽ വയലിൽ വെള്ളം നിറച്ച് പാറവത്തിന്റെ ചപ്പുകൊണ്ട് അടിച്ച് വെള്ളം തുറന്നു വിടും. മറ്റ് കീടങ്ങൾക്ക് വേപ്പെണ്ണ മിശ്രിതമോ, ജൈവ കീടനാശിനിയോ പ്രയോഗിക്കും. കതിരിൽ ചാഴി വന്നാൽ ഒരേക്കറിന് 2 കിലോ പച്ചമത്തി ചീയിച്ച് വയലിന്റെ ചുറ്റിലും കെട്ടി തൂക്കിയിടും. ചാഴി പൂർണ്ണമായും പോകും.
കഴിഞ്ഞവർഷം ഇത്തരത്തിൽ കൃഷി ചെയ്ത ടി.സി.ജോസഫിന് ഒരേക്കർ വയലിൽ നിന്ന് 2286 കിലോ നെല്ലും 20000 രൂപയുടെ വൈക്കോലും കിട്ടി. തൃശ്ശിലേരി അഗ്രി പ്രൊഡൂസർ കമ്പനി കിലോയ്ക്ക് 29 രൂപയ്ക്ക് നെല്ല് കളത്തിൽ നിന്നു തന്നെ തൂക്കി എടുത്തും. കഴിഞ്ഞ വർഷം ടി.സി.ജോസഫിന് നെല്ലും പുല്ലും കുടി 86,000 രൂപ കിട്ടി.
തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനിയുടെ അരി ഓഡർ അനുസരിച്ച് കൊടുക്കാൻ കഴിയുന്നില്ലെന്ന പ്രശനമേ ഉള്ളൂ. വരുന്ന അഞ്ചു വർഷം കൊണ്ട് തിരുനെല്ലി പഞ്ചായത്ത്പൂർണ്ണ ജൈവ നെൽകൃഷിയിൽ എത്തിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.