കോഴിക്കോട്: ഓണം അടുത്തെത്തിയിരിക്കെ കരിഞ്ചന്തയും മായം ചേർക്കലും മറ്റും തടയാനായി പൊതുവിപണിയിൽ ഉദ്യോഗസ്ഥസംഘം നടത്തിയ പരിശോധനയില്‍ 16 കടകള്‍ക്ക് നോട്ടീസ് നൽകി. വിലനിലവാര ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തതിനും പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതിനും മറ്റുമായാണ് നോട്ടീസ്.
ഹോട്ടലുകള്‍, പലചരക്കുകടകള്‍, പച്ചക്കറി വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സംഘമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍, മുക്കം നഗരസഭ പരിധികളിലായി പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും ഇത് തുടരും.
പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.കെ ശ്രീജ, നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ ടി.കെ.രാജന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി. സുധീര്‍, സി.കെ. അബ്ദുറഹ്‌മാൻ, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ.മുരളി, പി.പി.റമീസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ.പി.രാജീവ്, അനു എന്നിവര്‍ നേതൃത്വം നല്‍കി.