നടവയൽ: വൃദ്ധമന്ദിരത്തിൽ മരിച്ച 78 വയസ്സ് പ്രായം തോന്നിക്കുന്ന അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു. നടവയൽ ഓശാന ഭവനിലെ അന്തേവാസിയായിരുന്ന വൃദ്ധനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തൃശൂർ കുന്നംകുളത്താണ് ജനിച്ചതെന്നും അശോകൻ എന്നാണ് പേരെന്നും ഇയാൾ വൃദ്ധ മന്ദിരം അധികൃതരോട് പറഞ്ഞിരുന്നു. നേരത്തെ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന വൃദ്ധമന്ദിരത്തിലായിരുന്നു. അനധികൃത മന്ദിരത്തിലെ താമസക്കാരെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സാമൂഹ്യനീതി വകുപ്പ് അധികൃതരും ഇടപെട്ട് മോചിപ്പിക്കുന്ന അവസരത്തിൽ ഇയാൾ വിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് ആഗസ്റ്റ് 19 ന് ഡിസ്ചാർജ് ചെയ്ത ശേഷം ഓശാന ഭവനിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രിയിലാണ് മരിച്ചത്. വിവരങ്ങൾ അറിയുന്നവർ മൂന്നു ദിവസത്തിനകം വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ 04936 205307, 08281999014.