കോഴിക്കോട്: മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഒ പി ടിക്കറ്റിനായി വട്ടം ചുറ്റിയുള്ള ക്യൂവിൽ നീങ്ങേണ്ടി വരുന്നത് ചോരുന്ന മേൽക്കൂരയ്ക്ക് താഴെ. കോംപ്ലക്സിൻറെ തൊട്ടപ്പുറത്തായി പണിതീർത്ത പുത്തൻ ഒ.പി ബ്ലോക്കാകട്ടെ തുറക്കാൻ 'നല്ല നേരം' കാത്ത് ഒരേ കിടപ്പിലും.
മറ്റു പല സർക്കാർ ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്നതുൾപ്പെടെ അഞ്ഞൂറിലധികം രോഗികൾ ദിവസവും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സ തേടി എത്തുന്നുണ്ട്. ഇവർക്ക് ഒ പി ടിക്കറ്റിനായി ഏറെ നേരം കാത്തു നിൽക്കേണ്ടത് കാര്യമായ ചോർച്ചയുള്ള ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്ക് കീഴെയാണ്. കാലവർഷം കനത്തതിനിടെ ശക്തമായ കാറ്റിൽ മേൽക്കൂരയിൽ ഒരു പാളി അടർന്നുപോവുകയായിരുന്നു. മഴ പെയ്യാൻ തുടങ്ങിയാൽ ക്യൂവിലുള്ള നില്പ് കഷ്ടപ്പാടിൻറേതാണ്. ഒ പി വിഭാഗത്തിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും മൂന്ന് കൗണ്ടറുകളിലും ഒ.പി. ശീട്ട് എഴുതി നൽകുന്ന പഴയ രീതിയാണ്. അതിരാവിലെ എത്തി മണിക്കൂറുകൾ ക്യൂ നിന്നാലേ എട്ട് മണിക്ക് കൗണ്ടർ തുറന്നാൽ വല്ലാതെ വൈകാതെ ഒ പി ശീട്ട് കിട്ടൂ. പുതിയ ഒ പി ബ്ലോക്കിൻറെ നിർമ്മാണം പൂർത്തിയായതാണെങ്കിലും മിനുക്കുപണികൾ തീർന്നില്ലെന്നു പറഞ്ഞാണ് ഇനിയും തുറന്നുകൊടുക്കാത്തത്. സ്‌പെഷ്യാലിറ്റി കോംപ്ലക്സിൻെറ വടക്കുഭാഗത്തായി ഒ പി ബ്ലോക്ക് നിർമ്മിച്ചത് ഇ ഹോസ്പിറ്റൽ / ആർദ്രം പദ്ധതിയുടെ ഭാഗമായാണ്. അവിടേക്ക് മാറിയാൽ രോഗികൾക്ക് ഇരിപ്പിടസൗകര്യം കൂടുമെന്നു മാത്രമല്ല, കംപ്യൂട്ടറൈസ്ഡ് കൗണ്ടറുകളും വരും. അതോടെ ക്യൂവിലെ കാത്തുനില്പ് കുറയ്ക്കാനുമാവും.