കോഴിക്കോട്: പ്ലാറ്റ്ഫോമിലെ പാഴ‌്സൽ ഓഫീസിൽ റെയിൽവേ സംരക്ഷണ സേനയും എക്സൈസും നടത്തിയ പരിശോധനയിൽ സംശയകരമായ പാഴ്സലുകളിൽ നിന്ന് 300 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പാഴ‌്സൽ രേഖകളിലെ വിവരങ്ങൾവച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് മദ്യവും പുകയില ഉല്പന്നങ്ങളും എത്താൻ സാദ്ധ്യതയുളളതിനാൽ എക്സൈസ് കമ്മിഷണർ എഡി.ജി. പി ആനന്ദകൃഷ്ണന്റെ നിർദ്ദേശ പ്രകാരം 'ഓപ്പറേഷൻ വിശുദ്ധി ' എന്ന പേരിൽ കർശന പരിരോധന നടത്തി വരികയായിരുന്നു.

ഇതിന്റെ ഭാഗമായി ട്രെയിനുകളിലും പ്ലാറ്റ് ഫോറത്തിലും പാഴ‌്സൽ ഓഫീസിലും ആർ.പി. എഫിന്റെ സഹായത്തോടെ എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. സംയുക്ത പരിശോധനയിൽ കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് കലാമുദ്ദീൻ, ആർ.പി.എഫ് എസ്.ഐ കെ.എം നിശാന്ത്, എ.എസ്.ഐ അബ്ദുൾ ലത്തീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാർ, പാഴ‌്സൽ ഓഫീസ് സൂപ്പർവൈസർ സതീഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. എൻ സുശാന്ത്, വി വി വിനു, പി പ്രഭീഷ്, ഇ. വി .രജിലാഷ്, ആർ.പി.എഫ് കോൺസ്റ്റബിൾ ദിനേഷ് ബാബു എന്നിവർ പങ്കെടുത്തു.കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ വി. ആർ അനിൽകുമാർ നേരിട്ട് എത്തി സംഘത്തെ അഭിനന്ദിച്ചു. പരിശോധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു.