മേപ്പാടി:പുത്തുമല ദുരന്തം തന്ന ആഘാതം ഉള്ളിലുണ്ടെങ്കിലും ഏറെ നാളിന് ശേഷം ആ കുരുന്നുകളുടെ ചുണ്ടിൽ ചിരിപ്പൂക്കൾ വിരിഞ്ഞു. പുത്തുമല ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി അദ്ധ്യാപകർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തിങ്കളാഴ്ചയായിരുന്നു. ബന്ധുക്കളും വീടും നഷ്ടമായതിന്റെ നൊമ്പരമുണ്ടെങ്കിലും അത്തപ്പൂക്കളമൊരുക്കിയും സദ്യയുണ്ടും അവർ ഓണത്തെ വരവേറ്റു.
സ്കൂൾ താത്കാലികമായി പ്രവർത്തിക്കുന്ന മുണ്ടക്കൈയിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഉമ്മ നഷ്ടപ്പെട്ട മൂന്നാം ക്ളാസുകാരി നസീമയും നഴ്സറിയിൽ പഠിക്കുന്ന സഹോദരിയും ഇടയ്ക്ക് മാറി നിന്ന് കരഞ്ഞപ്പോൾ സഹപാഠികൾ ചുറ്റും കൂടി ആശ്വസിപ്പിച്ചു.അദ്ധ്യപകരും അവരെ നെഞ്ചോട് ചേർത്തു.നാലാംക്ളാസിലും ഒന്നാം ക്ളാസിലും പഠിക്കുന്ന സഹോദരങ്ങളായ തെൽഹയുടെയും ഷഹസയുടെയും ഉപ്പ ഖാലീദും മണ്ണിടിച്ചിലിൽ മരിച്ചുപോയിരുന്നു. ഇവർ ഇതുവരെ സ്കൂളിൽ വന്ന് തുടങ്ങിയിട്ടില്ല.
കഴിഞ്ഞ മാസം എട്ടിനുണ്ടായ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയാണ് കുട്ടികളിൽ ഏറെപേരും. രാവിലെ അവർ ക്യാമ്പിൽ നിന്നും സ്കൂളിലെത്തും. ഉരുൾ പൊട്ടലിന്റെ ഭയാനക ശബ്ദവും പിന്നീടുണ്ടായ ബഹളവും നിലവിളിയുമെല്ലാം കുരുന്നുകളെ വല്ലാതെ തളർത്തിയിരുന്നു. പലരും ദിവസങ്ങൾ നീണ്ട കൗൺസലിംഗിന് വിധേയരായി. അങ്ങനെയാണ് കളിചിരികളുടെ ലോകത്തേക്ക് അവർ തിരിച്ചെത്തിയത്. 1952 ൽ ആരംഭിച്ച സ്കൂൾ കെട്ടിടവും ഉരുൾപൊട്ടലിൽ തകർന്നിരുന്നു. പുത്തുമല ദുരന്തഭൂമിലെ മുഴുവൻ പേരെയും വാഴാക്കാലയിൽ സ്ഥലം വാങ്ങി അവിടെ പാർപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. പുതിയ സ്കൂൾ അവിടെ സ്ഥാപിക്കുംവരെ ഫോറസ്റ്റ് ഒാഫീസിൽ തന്നെ സ്കൂൾ പ്രവർത്തിക്കുമെന്ന് അദ്ധ്യാപകർ പറയുന്നു. സ്കൂളിൽ ആകെ 96 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ദുരന്തത്തിന് ശേഷം 26 കുട്ടികൾ ടി.സി വാങ്ങിപ്പോയെന്ന് അദ്ധ്യാപകർ പറയുന്നു.
മുപ്പതോളം കുട്ടികളുടെ വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരിൽ പലർക്കും സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ ആരോഗ്യ വകുപ്പ് കുട്ടികൾക്ക് കൗൺസിലിംഗ് നടത്തിയിട്ടുണ്ട്.അത് തുടരണം.
-കെ.രതീശൻ
സ്കൂൾ ഹെഡ് മാസ്റ്റർ
ചിത്രങ്ങൾ പകർത്തിയത്: രമിത് .കെ.ആർ