nani
നാണിയമ്മ

മാനന്തവാടി:വയോധികയുടെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി.തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കോണവയൽ അംബേദ്കർ കോളനിയിലെ പരേതനായ കണ്ണന്റെ ഭാര്യ നാണിയമ്മ (70) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏക മകളും മാനസിക അസ്വാസ്ഥ്യവുമുള്ള സ്വർണ്ണയെ കാട്ടിക്കുളം രണ്ടാംഗേറ്റിലെ കൂപ്പ് കോളനിയിലേക്ക് വിവാഹം കഴിച്ചയച്ചതിന് ശേഷം നാണിയമ്മ തനിച്ചായിരുന്നു താമസം. കഴിഞ്ഞ മാസം നെഞ്ച് വേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞതായി മരുമകൻ മാധവൻ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം നാണിയമ്മ മകളുടെ കൂടെ താമസിച്ചുവെങ്കിലും കുറച്ച് ദിവസം മുമ്പ് വീണ്ടും സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇന്നലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിപ്പോഴാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

കഴിഞ്ഞ പത്താംതീയതിയാണ് നാണിയമ്മ സ്വന്തം വീട്ടിലേക്ക് വന്നതായി പറയുന്നത്. എന്നാൽ പിന്നീട് പലതവണ രണ്ടാംഗേറ്റിലെ മകളുടെ വീട്ടിലേക്ക് പോയി വന്നിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ താഴിട്ട് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ അയൽവാസികൾ ഇവർ സ്ഥലത്തില്ലെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. വീടിന്റെ താക്കോൽ കളഞ്ഞുപോയതിനാൽ നാണിയമ്മ പിൻവാതിലൂടെയാണ് വീടിനകത്തേക്ക് പ്രവേശിച്ച് താമസിച്ച് വന്നത്. തുടർന്ന് ഇന്ന് പരിസരത്ത് ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ പരിശോധിച്ചത്. ഏകദേശം നാല് ദിവസത്തോളം മൃതദേഹത്തിന് പഴക്കമുള്ളതായാണ് സൂചന. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.