കോഴിക്കോട്: ബി ജെ പിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിൻറെ ഭാഗമാണ് ഡി കെ ശിവകുമാറിനെതിരായ എന്‍ഫോഴ്‌സ്‌മെൻറ് നടപടികളെന്ന് എം കെ രാഘവന്‍ എം പി കുറ്റപ്പെടുത്തി.

അഹമ്മദ് പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തോല്പിക്കാനും 2002-ല്‍ മഹാരാഷ്ട്രയിലെ വിലാസ്‌റാവു ദേശ്മുഖ് സര്‍ക്കാരിനെ വീഴ്ത്താനും പിന്നീട് പല തവണ കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനും ബി ജെ പി ശ്രമിച്ചപ്പോള്‍ അതിനെയെല്ലാം ചെറുക്കാന്‍ നേതൃത്വം നല്‍കിയ ദക്ഷിണേന്ത്യയിലെ കരുത്തനായ നേതാവാണ് ശിവകുമാര്‍. ബി ജെ പിയുടെ കണ്ണിലെ കരടായ നേതാക്കളെ തെരഞ്ഞുപിടിച്ച് ജയിലിലടച്ച് നിശബ്ദരാക്കാമെന്ന് കരുതേണ്ട.

ആരോപണ വിധേയരായ യെദ്യൂരപ്പ, ശിവരാജ്‌സിംഗ് ചൗഹാന്‍, ദിലീപ്‌സിംഗ് ജുദേവ്, ഹിമാനന്ദ ബിശ്വശര്‍മ്മ തുടങ്ങിയ ബി ജെ പി നേതാക്കള്‍ക്കെതിരെയും രാജ്യത്തെ കബളിപ്പിച്ച വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വര്‍ക്കെതിരെയും ചെറുവിരല്‍ അനക്കാത്ത ബി ജെ പി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളെ മാത്രം തെരഞ്ഞുപിടിച്ച് തുറങ്കിലടയ്ക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്.