മുക്കം:മുക്കം നഗരസഭ ഡിജിറ്റൽ തലത്തിലേക്ക് ഉയർന്നതോടെ ഇനി ഏതു സേവനവും വീട്ടിലിരുന്ന് തേടാം. വീടിൻറെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനോ ജനന - മരണ സർട്ടിഫിക്കറ്റുകൾക്കോ ഒന്നും ആരും നഗരസഭാ കാര്യാലയം കയറിയിറ ങ്ങേണ്ടതില്ല .ഇൻറർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറോ ലാപ് ടോപ്പോ മൊബൈൽ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഇവയെല്ലാം നേടാനാവും.
ഇൻഫർമേഷൻ കേരള മിഷൻ രൂപകല്പന ചെയ്ത വെബ്സൈറ്റിലൂടെയാണ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. നഗരസഭയെ കുറിച്ചെന്ന പോലെ കൗൺസിലർമാരെ സംബന്ധിച്ചുള്ള വിവരങ്ങളും പൊതുവിവരങ്ങളും ലഭിക്കുന്നതിനു പുറമെയാണ് എല്ലാവിധ സർട്ടിഫിക്കറ്റുകളും വെബ്സൈറ്റിലൂടെ ഡൗൺലോഡ് ചെയ്തെടുക്കാവുന്ന സൗകര്യവും. സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേച്ചറോടും ക്യു.ആർ കോഡോടും കൂടി ലഭിക്കുന്ന ഈ സർട്ടിഫിക്കറ്റുകൾ ഔദ്യോഗികാവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാം. വസ്തു നികുതി ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനവും വെബ്സൈറ്റിൽ ലഭ്യമാണ്.
കൗൺസിൽ യോഗങ്ങളുടെ പരിഗണനാവിഷയങ്ങൾ, തീരുമാനങ്ങൾ, വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റുകൾ, അപേക്ഷാഫോറങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ഇതിൽ നിന്ന് കിട്ടും. നഗരസഭയുടെ ടെൻഡർ വിവരങ്ങളും മറ്റു അത്യാവശ്യവിവരങ്ങളും കൂടിയുണ്ടാവും സൈറ്റിൽ.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാൻ ഓഫീസിൽ ഇ- പോസ് മെഷീൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൗൺസിലർമാർ, അംഗൻവാടി പ്രവർത്തകർ എന്നിവർക്ക് ഇക്കാര്യത്തിൽ പ്രായോഗികപരിശീലനം നൽകും.
നഗരസഭയുടെ വെബ്സൈറ്റ് പ്രകാശനം കാലിക്കറ്റ് എൻ.ഐ.ടി.ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി നിർവഹിച്ചു. ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എൻ.കെ ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വസ്തുനികുതി ഓൺലൈനായി അടച്ച് കൗൺസിലർ പ്രഷി സന്തോഷ് ഇ - പേമെൻറിന് തുടക്കമിട്ടു. ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിത മോയിൻകുട്ടി സ്വാഗതവും സൂപ്രണ്ട് റാണി എസ് നായർ നന്ദിയും പറഞ്ഞു.