കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിൽ കായണ്ണയിൽ നടത്തിയ 'ഒപ്പം' പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തിൽ 77 പരാതികൾ പരിഗണിച്ചു. ഇവയിൽ തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ സാംബശിവറാവു വിവിധ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

ചോർന്നൊലിക്കാത്ത വീട് അനുവദിച്ചുകിട്ടണമെന്ന ആവശ്യവുമായാണ് മാട്ടനോട് സ്വദേശിനി ഇന്ദിര അദാലത്തിൽ എത്തിയത്. മകൻ ഹൃദ്രോഗത്തിനു ചികിത്സ തേടുകയാണ്. ഒരു കണ്ണിനു കാഴ്ചയുമില്ല. ഭർത്താവിൻറെ തുച്ഛവരുമാനം ഒന്നിനും തികയില്ലെന്ന് ഇന്ദിര പറഞ്ഞു.

നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മുച്ചക്ര സ്‌കൂട്ടർ അനുവദിക്കണമെന്ന ആവശ്യമായിരുന്നു 71കാരൻ സുലൈമാൻറേത്. എത്തിയത്. വികലാംഗനായ ഇദ്ദേഹം പെട്ടിക്കടയിൽ നിന്നുള്ള വരുമാനത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. രണ്ട് പരാതിയും പരിശോധിച്ച് നടപടി സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. വീടിനും ചികിത്സക്കുമായുള്ള ധനസഹായം, കൈവശ ഭൂമിയിൽ നികുതിയടക്കാനുള്ള അനുമതി തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളും റേഷൻ സംബന്ധമായ പരാതികളും അദാലത്തിൽ പരിഗണനയ്ക്കെത്തി.

പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മജ, ഡെപ്യൂട്ടി കളക്ടർ സി. ബിജു, അഡിഷണൽ ഡി. എം. ഒ ഡോ. രവികുമാർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. രാമചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ദീപുരാജ്, നാഷണൽ ട്രസ്റ്റ് കോ ഓർഡിനേറ്റർ സി. സിക്കന്തർ തുടങ്ങിയവരും സംബന്ധിച്ചു.