nagarasabha
വടകര നഗരസഭാ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചപ്പോൾ

വടകര: പ്രളയബാധിതപ്രദേശം സന്ദര്‍ശിക്കാനെത്തിയ നഗരസഭ ചെയര്‍മാനെയും സംഘത്തെയും തടഞ്ഞതിൻറെ പേരിൽ നാട്ടുകാര്‍ക്കെതിരെ കേസെടുത്തതിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തിൽ വാക്കേറ്റവും ബഹളവും. പിന്നീട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷാംഗങ്ങൾ നഗരസഭാ കവാടത്തിലും എന്‍ജിനിയറിംഗ് വിഭാഗം ഓഫീസിലും പ്രതിഷേധസമരവും നടത്തി.

നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍, വൈസ് ചെയര്‍പേഴ്സൺ കെ.പി.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ താഴെ അങ്ങാടി കണിയാങ്കണ്ടി ഭാഗത്തെ വെള്ളക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. തടഞ്ഞ വിഷയം കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിൽ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനുശേഷം നാട്ടുകാര്‍ക്കെതിരെ കേസെടുത്തത് ഖേദകരമാണെന്ന് പറഞ്ഞ് മുസ്ലിം ലീഗിലെ എന്‍.പി.എം. നഫ്സലാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പ്രദേശവാസികളെ തമ്മില്‍ തല്ലിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻറെ മൊഴിപ്രകാരമായിരുന്നു കേസ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. താനാണ് ഇതിന് നേതൃത്വം കൊടുത്തതെന്ന പ്രചാരണമുണ്ട്. തെളിവുണ്ടെങ്കില്‍ കേസെടുക്കാന്‍ വെല്ലുവിളിക്കുന്നതായും നഫ്സല്‍ പറഞ്ഞു.

ഇതോടെ ഭരണപക്ഷത്തു നിന്നു സി.പി.എമ്മിലെ ഇ.അരവിന്ദാക്ഷന്‍ പ്രതിഷേധവുമായി എഴുന്നേറ്റു. മൈതാനപ്രസംഗം കൗണ്‍സിലില്‍ നടത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ചേരിതിരിഞ്ഞുള്ള വാക്പോര് തുടങ്ങിയതോടെ യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു.

തടഞ്ഞത് തെറ്റായിപ്പോയെന്ന് നഫ്സല്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ അന്ന് പറഞ്ഞതാണെന്നും പിന്നീട് നിലപാട് മാറ്റിയത് വിചിത്രമാണെന്നും മറുപടിയില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.