കോഴിക്കോട്: നഗരത്തിൽ ട്രാഫിക് പാർക്ക് സ്ഥാപിക്കാൻ കോർപ്പറേഷനും ജില്ലാ ഭരണകൂടവും ചേർന്ന് വൈകാതെ സ്ഥലം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പാർക്കിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകിയാൽ പരിപാലന - പരിശീലന ചെലവ് സ്വകാര്യ മോട്ടോർ കമ്പനിയായ ഹോണ്ട ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രാഫിക് പാർക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് ഏതാണ്ട് രണ്ടു കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളിൽ ട്രാഫിക് അവബോധമുണ്ടാക്കാൻ മോട്ടോർ വാഹനവകുപ്പും പൊലീസും ചേർന്ന് സംസ്ഥാനത്ത് പലയിടത്തും ട്രാഫിക് പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാനും സൈക്കിളിംഗിനുമുൾപ്പെടെ സൗകര്യമുണ്ടാവും പാർക്കിൽ.

യോഗത്തിൽ കളക്ടർ സാംബശിവ റാവു, ഡെപ്യൂട്ടി മേയർ മീര ദർശക്, സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്ജ്, തഹസിൽദാർ ഇ. അനിതകുമാരി, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ടി.സി.വിനീഷ്, ആർ.ടി.ഒ എം.പി.സുഭാഷ് ബാബു, ആർ.ടി.ഒ (എൻഫോസ്‌മെന്റ് )പി.എം.ഷബീർ, കൗൺസിലർ പ്രശാന്ത് കുമാർ, ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.