കോഴിക്കോട്: അന്യസംസ്ഥാനക്കാരായ വഴിയോര കച്ചവടക്കാർ എത്തിയതോടെ ഓണവിപണി കളറായി തുടങ്ങി. ഓണക്കോടിയുമായി തമിഴ്‌നാട്, ബംഗാൾ, ആന്ധ്ര തുടങ്ങിയടങ്ങളിൽ നിന്ന് നിരവധി പേരാണ് നഗരത്തിലെത്തിയത്. മാനാഞ്ചിറയിൽ മുതൽ പാവമണി റോഡ് വരെ നടപ്പാത തെരുവ് കച്ചവടക്കാർ കയ്യടക്കിയിരിക്കുകയാണ്. മാനാഞ്ചിറ, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, പാളയം, സ്റ്റേഡിയം പരിസരം, വണ്ടിപ്പേട്ട എന്നിവിടങ്ങളിലും തെരുവുകച്ചവടം സജീവമാണ്. ചെരിപ്പുകൾ, ബാഗുകൾ, സ്റ്റീൽ പാത്രങ്ങൾ, കുട്ടിയുടുപ്പുകൾ, സാരികൾ, പാന്റുകൾ, ഷർട്ടുകൾ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് കച്ചവടക്കാരെത്തിയത്. 50 രൂപ മുതലാണ് വില .
മുൻവർഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുറഞ്ഞതായി തമിഴ്‌നാട്ടിൽ നിന്നെത്തിയ മുത്തു പറയുന്നു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയും കച്ചവടത്തിനെ ബാധിക്കുകയാണ്. പുത്തൻ ട്രെൻഡുകളും വിപണിയിലെത്തിയിട്ടുണ്ട്.
മൊബൈൽ ഷോപ്പുകളിലും വൻ തിരക്കാണ് . ത്രീജിയും വിട്ട് ഫോണുകൾ ഫോർജിയിലേക്ക് മാറിയതോടെ പുത്തൻ ഫോണുകൾ തേടിയെത്തുന്നവരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. കമ്പനികൾ മത്സരിച്ച് ഓണം ഓഫറുകളും നൽകുന്നതോടെ ഫോൺ വിപണിയും മുൻകാലങ്ങളെക്കാൾ ഏറെ സജീവമാണ്.
തുണിക്കടകൾക്ക് പുറമെ സ്വർണക്കടകളിലും തിരക്ക് അനുഭവപ്പെടുന്നു. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ഓണത്തിന് ഇത്തവണയും കൈത്തറി വസ്ത്രങ്ങളാണ് മുൻപിൽ. കസവുമുണ്ടിനും നേര്യതിനും കസവ് സാരിക്കും ഡബിൾമുണ്ടിനുമെല്ലാം ആവശ്യക്കാർ ഏറെയാണ്. വിൽപ്പനയ്ക്ക് ആക്കം കൂട്ടാൻ വിപണന മേളകളും സജീവമാണ്. പച്ചക്കറി, തുണിത്തരങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങി എല്ലാം വിപണന മേളകളിലൂടെ ലഭിക്കുന്നു. മധുരമേകാൻ വിവിധ പായസ മേളകളും സജീവമാണ്. 10 മുതൽ 30വരെയാണ് ഇവയുടെ വില.