കോഴിക്കോട്: ട്രാന്‍സ്‌ജെന്റഡേഴ്‌സ് നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് 'ജ്വാല'യ്ക്ക് കോഴിക്കോട് തുടക്കം. ജില്ലയിലെ സ്‌പെഷ്യല്‍ കുടുംബശ്രീയിലെ വൈഗ, അനുരാധ, തന്‍സി, അനുപമ, സാനിയ, സഞ്ജന എന്നിവരുടെ നേതൃത്തിലാണ് ഇവന്റ് മാനേജ്‌മെന്റിന് തുടക്കം കുറിക്കുന്നത്.
സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും പാര്‍പ്പിടം കണ്ടെത്തുന്നതിനുമാണ് ഈ സംരംഭമെന്നും വൈഗ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജ്വാലയുടെ ആദ്യ പരിപാടിയും ഇവന്റ് മാനേജ്‌മെന്റിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ മൂന്നിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. കെ.ജി. മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള 'ഇശല്‍ നിലാവാണ്' ആദ്യ പരിപാടി. തുടര്‍ന്ന് മലപ്പുറം, തലശ്ശേരി, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിലും ഇശല്‍ നിലാവ് സംഘടിപ്പിക്കും. 10 ലക്ഷം രൂപയാണ് പരിപാടിയുടെ ചെലവ് കണക്കാക്കുന്നത്. പ്രധാന സ്‌പോണ്‍സര്‍മാരെയും സഹ സ്‌പോണ്‍സര്‍മാരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണിവര്‍. ടിക്കറ്റ് വഴിയാണ് പരിപാടിയുടെ പ്രവേശനം.
കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ടിക്കറ്റ് ലഭ്യമാകും. 600, 300 രൂപ നിരക്കിലാണ് ടിക്കറ്റ്. ഇവന്റ് മാനേജ്‌മെന്റ് ഉദ്ഘാടനം വൈകീട്ട് അഞ്ചിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനാകും. എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, എം.കെ. മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു, പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത തുടങ്ങിയവര്‍ പങ്കെടുക്കും.
ഫോണ്: 9188358322, 8089408723.