കോഴിക്കോട്: ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ കർശനമാക്കാൻ ഭക്ഷ്യോപദേശക സമിതി യോഗത്തിൽ തീരുമാനമായി. വിലനിലവാര ഏകീകരണ നിയമം നടപ്പാക്കുന്നതിനായി സമിതിയുടെ പ്രമേയം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ജില്ലയില്‍ പ്രളയബാധിതര്‍ക്ക് സൗജന്യറേഷന്‍ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പട്ടികയിലെ അനര്‍ഹരെ കണ്ടെത്താനുള്ള നടപടികള്‍ കാര്യക്ഷമമായി തുടരുന്നുണ്ടെന്നും 14 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ പ്രളയത്തില്‍ നശിച്ചെങ്കിലും എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിലധികം സ്റ്റോക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകള്‍, ഭക്ഷ്യോല്പന്ന നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, അളവ് തൂക്ക ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. എല്‍.പി.ജി കൊണ്ടുപോവുന്ന വണ്ടികളില്‍ സിലിൻഡർ തൂക്കുന്നതിനുള്ള ഉപകരണം സൂക്ഷിക്കാനും ഉടമകളുടെ ആവശ്യാനുസരണം തൂക്കി നല്‍കാനും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ എ.ഡി.എം രോഷ്നി നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, ബേപ്പൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ഡോ.ജോസഫ് കുര്യാക്കോസ് തുടങ്ങിയവർ സംബന്ധ്ച്ചു.