കോഴിക്കോട്: നവീകരിച്ച കക്കോടി ബൈപ്പാസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. 1.60 കോടി രൂപ ചെലവഴിച്ചാണ് കക്കോടി ബൈപ്പാസ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്.

ബൈപ്പാസ് യാഥാർത്ഥ്യമായതോടെ കക്കോടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവും. മുമ്പുണ്ടായിരുന്ന റോഡിന്റെ ഉപരിതലം പൂർണ്ണമായും മാറ്റി ഗ്രാനുലാർ സബ് ബേസ്, വെറ്റ്മിക്‌സ് മെക്കാഡം, ഇൻറർലോക്കിംഗ്, പവർ ബ്ലോക്കുകൾ എന്നിവ ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്. റോഡിന്റെ വശങ്ങളിലായി കോൺഗ്രീറ്റ് ബീം, 180 മീറ്റർ ഡ്രൈനേജ്, ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

എലത്തൂർ എം.എൽ.എ കൂടിയായ ഗതാഗത മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് നവീകരണത്തിനുള്ല തുക കണ്ടെത്തിയത്.

റോഡ് നിർമിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ മന്ത്രി അഭിനന്ദിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന അദ്ധ്യക്ഷയായി. പുരുഷൻ കടലുണ്ടി എം.എൽ.എ മുഖ്യാതിഥിയായി. കക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹിദ അബ്ദുറഹിമാൻ, ജില്ലാപഞ്ചായത്ത് മെമ്പർ താഴത്തെയിൽ ജുമൈലത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. ശോഭീന്ദ്രൻ, കവിത മനോജ്, കക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ എം.രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചോയിക്കുട്ടി സ്വാഗതവും എക്‌സിക്യൂട്ടീവ് എൻജിനീയർ എം.സി. വിനു കുമാർ നന്ദിയും പറഞ്ഞു.