കോഴിക്കോട്: കേരളത്തിലെ എൻ ഡി എ കൺവീനറും ബി ഡി ജെ എസ് ദേശീയ അദ്ധ്യക്ഷനും എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള കേസ് ദുബായ് കോടതി തള്ളിക്കളഞ്ഞിരിക്കെ, അദ്ദേഹത്തെ അവിടെ അറസ്റ്റ് ചെയ്യിച്ചതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് ബി ഡി ജെ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം കേന്ദ്ര ആഭ്യന്തരമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.

ചുരുങ്ങിയ കാലത്തിനിടയിൽ കേരള രാഷ്ട്രീയത്തിലെ നിർണായകശക്തിയായി മാറിയ ബി ഡി ജെ എസിന്റെ അനിഷേധ്യനേതാവിനെ പൊതുജനമദ്ധ്യത്തിൽ ഇകഴ്‌ത്തിക്കാട്ടാൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പാർട്ടി ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.സി.അശോകൻ, സെക്രട്ടറി രത്‌നാകരൻ, തുടങ്ങിയവർ സംസാരിച്ചു. തുഷാർ വെള്ളാപ്പള്ളിക്ക് കോഴിക്കോട്ട് ഗംഭീരസ്വീകരണം ഒരുക്കാൻ യോഗം തീരുമാനിച്ചു. ഉണ്ണി കരിപ്പാലി നന്ദി പറഞ്ഞു.