കൊടിയത്തൂർ: പ്രളയകാലത്തെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിന് കെ.എസ്.ഇ.ബി പന്നിക്കോട് സെക്‌ഷനിലെ ജീവനക്കാരെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു ആദരസമർപ്പണം. കനത്ത കാറ്റിൽ മരങ്ങൾ വീണും മറ്റും ലൈനുകൾ തകരാറിലായി വൈദ്യുതി വിതരണം പൂർണമായും നിലച്ചപ്പോൾ രാപ്പകലില്ലാതെ കഠിനാദ്ധ്വാനത്തിലൂടെ അറ്റകുറ്റപ്പണികൾ തീർക്കുകയായിരുന്നു സെക്ഷനിലെ ജീവനക്കാർ. വലിയ പെരുന്നാളിന് തലേന്ന് രാത്രി വൈദ്യുതിവിതരണം പുന:സ്ഥാപിക്കാനായത് നാട്ടുകാർക്ക് വലിയ ആശ്വാസമായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും ത്യാഗപൂർണമായ പ്രവർത്തനമായിരുന്നു ജീവനക്കാരുടേത്.
പന്നിക്കോട് ഓഫീസ് പരിസരത്ത് ഒരുക്കിയ ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ ജീവനക്കാർക്ക് ഉപഹാരം സമർപ്പിച്ചു. അസി.എൻജിനിയർ സതീഷ്‌കുമാറും സഹപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമിന പാറക്കൽ, മെമ്പർമാരായ കബീർ കണിയാത്ത്, സിജി പരപ്പിൽ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.ചന്ദ്രൻ സ്വാഗതവും കുുടംബശ്രീ ചെയർപ്ഴ്സൺ സുജാത നന്ദിയും പറഞ്ഞു.