കൊടിയത്തൂർ: സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത ജൈവപച്ചക്കറിയുടെ വിളവെടുത്തു. ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിലെ ഗ്രീൻ ആർമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ജൈവ പച്ചക്കറികൃഷിയിറക്കിയത്. ആധുനിക കാർഷിക യന്ത്രങ്ങളുടെ സഹായത്തോടെ പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് ബാങ്ക് സ്വന്തമായും ഫാർമേഴ്‌സ് ക്ലബ്ബുകളിലൂടെയും കഴിഞ്ഞ അഞ്ചു വർഷമായി പച്ചക്കറികൃഷിയും നെൽകൃഷിയും നടത്തിവരുന്നുണ്ട്. വിളവെടുത്ത പച്ചക്കറിയുടെ വില്പന ബാങ്കിന്റെ ഓണച്ചന്തയിലൂടെ തുടങ്ങി. പച്ചക്കറി വിളവെടുപ്പ് പ്രസിഡന്റ് ഇ.രമേശ്ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷനായിരുന്നു. ബാങ്ക് ഡയറക്ടർ അസ്‌മാബി പരപ്പിൽ, എ.സി.നിസാർബാബു തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും കർഷക സേവനകേന്ദ്രം മാനേജർ ഡെന്നി ജോസ് നന്ദിയും പറഞ്ഞു.