കോഴിക്കോട്‌: ബൈപ്പാസ്‌ ആറുവരിപ്പാതയാക്കാനുള്ള ചുമതല ഹൈദരാബാദ‌് ആസ്ഥാനമായ കൃഷ‌്ണമോഹൻ കൺസ‌്ട്രക‌്ഷൻ കമ്പനി(കെഎംസി)ക്കു തന്നെ. കെ എം സി ഏറ്റെടുത്ത തൃശൂരിലെ കുതിരാൻ തുരങ്ക നിർമാണം പാതിവഴിയിലാണ്‌. അതിനിടെയാണ്‌ ഗതാഗത മന്ത്രാലയം ഇവരുടെ ബാങ്ക്‌ ഗ്യാരണ്ടി അംഗീകരിച്ചത്‌. കെ എം സി യുടെ പാർട്ണറായ ഇൻകെൽ കമ്പനി മുഖേനയാണ്‌ ബാങ്ക്‌ ഗ്യാരണ്ടി നൽകിയത്‌.

തുടർനടപടിക്ക്‌ ഉപരിതല ഗതാഗതമന്ത്രി നിർദേശംനൽകി. ഒരുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാണ്‌ നിർദേശം. ബൈപ്പാസ്‌ നിർമാണത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥലം ദേശീയപാത അതോറിറ്റി കെ എം സിക്ക്‌ കൈമാറും. രണ്ടുവർഷത്തേക്കാണ്‌ കരാർ.

വെങ്ങളം മുതൽ രാമനാട്ടുകര ഇടിമൂഴിക്കൽ വരെ 28.4 കിലോമീറ്ററാണ്‌ ആറുവരിപ്പാതയാക്കുന്നത്‌. 2017ലാണ്‌ ടെൻഡർ ക്ഷണിച്ചത്‌. 2018 ഏപ്രിൽ 18ന്‌ ദേശീയപാത അതോറിറ്റി കരാർ ഉറപ്പിച്ചു. 1710 കോടിയാണ്‌ തുക. ഈ തുകയ്‌ക്ക്‌ നിർമാണം പൂർത്തികരിക്കാൻ നിലവിൽ സാധിക്കില്ല. ഇതേ തുടർന്ന്‌ തുകയിൽ വർധനക്കും നിർദേശമുണ്ട്‌.

ആദ്യ കരാർ കെഎംസിക്ക്‌ ഉറപ്പിക്കുമ്പോൾ സാമ്പത്തിക ഭദ്രതയും നിർമാണം തീർക്കാനുള്ള പ്രാപ്‌തിയും കണക്കിലെടുത്തിരുന്നില്ല. ഏറ്റെടുത്ത കുതിരാൻ നിർമാണവും നിലച്ചു. കമ്പനിയുടെ ബാങ്ക്‌ ഗ്യാരണ്ടിപോലും അംഗീകരിച്ചുകിട്ടിയിരുന്നില്ല. തുടർന്ന്‌ ഇൻകെൽ എന്ന പേരിൽ പുതിയ കമ്പനിയുണ്ടാക്കി. ഈ പേരിലാണ്‌ ബാങ്ക്‌ ഗ്യാരണ്ടിക്ക്‌ അപേക്ഷിച്ചത്‌. കോഴിക്കോട്‌ ബൈപ്പാസിനിരുവശത്തും രണ്ട്‌ സർവീസ‌് റോഡുകളും കൊടൽ നടക്കാവ‌ിൽ മേൽനടപ്പാതയും ഉണ്ടാകും. പാലങ്ങൾ, കലുങ്കുകൾ, മുകൾ പാതകൾ, അടിപ്പാതകൾ, മേൽനടപ്പാത, ജംഗ്ഷനുകൾ, ബസ‌് ബേ എന്നിവ ഉൾപ്പെടുന്നതാണ്‌ നിർമാണ കരാർ.