കോഴിക്കോട്: കോരപ്പുഴ കുനിയിൽ കടവിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ അത്തോളി ഹൈസ്‌കൂൾ പൂർവവിദ്യാർത്ഥി സംഘടന 'ചങ്ങാതിക്കൂട്ടം' സംഘടിപ്പിക്കുന്ന മലബാർ ജലോത്സവത്തിന് ഇന്ന് തുടക്കമാവും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് രാവിലെ 10 ന് ചങ്ങാതിക്കൂട്ടം പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ സാജിദ് കോറോത്ത് പതാക ഉയർത്തും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ അംഗം വി.എം.മോഹനൻ സംബന്ധിക്കും. ചടങ്ങിൽ അജീഷ് അത്തോളി എഴുതി സംവിധാനം ചെയ്ത മലബാർ ജലോത്സവം ടൈറ്റിൽ ഗാനത്തിന്റെ സി.ഡി പുറത്തിറക്കും. വിളംബര ഘോഷയാത്ര വൈകിട്ട് മൂന്നിന് അത്തോളി ഹൈസ്കൂൾ പരിസരത്ത് നിന്നു ആരംഭിച്ച് കുനിയിൽ കടവ് ജലോത്സവ നഗരിയിൽ സമാപിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും മറ്റും നിരക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ പഴയകാല പുഴയോര കർഷകരെയും കടവ് തൊഴിലാളികളെയും ആദരിക്കും. ചകിരി അടി, ചകിരി തുമ്പ് പിരി, ഓല മെടയൽ എന്നിവയിൽ മത്സരങ്ങൾ അരങ്ങേറും.
നാളെ രാവിലെ 8 ന് പൂക്കള മത്സരമുണ്ടാവും. തുടർന്ന് ജോക്ക് ഗെയിംസ്. 11 ന് കോസ്റ്റ് ഗാർഡിന്റെ അഭ്യാസപ്രകടനം. ഉച്ചയ്ക്ക് 1 ന് കമ്പവലി മത്സരം. വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ മത്സരിക്കാനുണ്ട്. രണ്ടിന് വള്ളംകളി മത്സരം ആരംഭിക്കും. 11 അംഗങ്ങൾ തുഴയുന്ന മത്സരത്തിൽ 8 ടീമും 7 അംഗ മത്സരത്തിൽ 6 ടീമും 5 അംഗ മത്സരത്തിൽ 7 ടീമും രണ്ടു പേർ തുഴയുന്ന മത്സരത്തിൽ 10 ടീമു മാറ്റുരയ്ക്കാനെത്തും. വൈകിട്ട് 6 ന്വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും വാട്സ് ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. രാത്രി 7ന് സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി സമ്മാനദാനം നിർവഹിക്കും. പ്രളയബാധിതർക്ക് ഭൂമി ദാനം ചെയ്ത എ.എം ബൈജുവിനെ ചടങ്ങിൽ ആദരിക്കും. രാത്രി 9 ന് വോയ്സ് ഓഫ് കാലിക്കറ്റിന്റെ ഗാനമേളയുണ്ടാവും.
വാർത്താസമ്മേളനത്തിൽ സാജിദ് കോറോത്ത്, ആർ.എം.ബിജു, അജീഷ് അത്തോളി, ഗിരീഷ് ത്രിവേണി എന്നിവർ പങ്കെടുത്തു.