കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് മുന്നേറുന്നതിലൂടെ മാത്രമെ പുരോഗമനം ഉറപ്പാക്കാൻ കഴിയൂ എന്ന് ഡോ.എം.കെ.മുനീർ എം.എൽ.എ പറഞ്ഞു.

കേരള വഖഫ് ബോർഡ് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിലോമ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവരായാണ് മുസ്ലിം സമുദായത്തിൽപ്പെട്ടവരെ പലരും കാണുന്നത്. ഇത് മാറണമെങ്കിൽ വിദ്യാഭ്യാസരംഗത്ത് കൂടുതൽ മുന്നേറ്റം സൃഷ്ടിക്കാനാവണം.

കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ 100 ശതമാനം മാർക്ക് നേടിയ സംസ്ഥാനത്തെ 30 മുസ്ലിം വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും പുരസ്‌കാരവും ഡോ.മുനീർ സമ്മാനിച്ചു.

മലബാർ പാലസിൽ ഒരുക്കിയ ചടങ്ങിൽ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായിരുന്നു. ബോർഡ് മെമ്പർമാരായ എം.സി. മായിൻഹാജി, പി.വി. സൈനുദ്ദീൻ, എം. ഷറഫുദ്ദീൻ, ഫാത്തിമ റോഷ്‌ന, ഡിവിഷണൽ ഓഫീസർ എൻ. റഹിം, ജൂനിയർ സൂപ്രണ്ട് പി.സി. ഷംസീർ അലി എന്നിവർ സംസാരിച്ചു.