
മാനന്തവാടി: കോഴിയിറച്ചി വാങ്ങുന്നവർക്ക് ഫ്രിഡ്ജ് മുതൽ സമ്മാന വാഗ്ദാനം. ഓണത്തിന് ജില്ലയിൽ തന്നെ കോഴിയിറച്ചി വില പിടിച്ചു നിർത്തുന്നതിൽ നിർണ്ണായ പങ്ക് വഹിച്ച തരുവണയിലെ കോഴി വ്യാപാരികളാണ് ഓണത്തിന് ശേഷവും ഓഫറുകളുമായി രംഗത്തുള്ളത്.
കോഴി വാങ്ങുന്നവർക്ക് കൂപ്പൺ നൽകി ഇരുപത് ദിവസം കൂടുമ്പോൾ നറുക്കെടുപ്പ് നടത്തി ഗൃഹോപകരണങ്ങൾ നൽകുമെന്നും ഏററവും കുറഞ്ഞ വിലയിൽ കോഴിവിൽപ്പന തുടരുമെന്നും വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തരുവണയിലെ ബിസ്മി ചിക്കനിൽ നിന്ന് ഒരു കിലോ കോഴിയിറച്ചി വാങ്ങിക്കുന്നയാൾക്കാണ് ഒരു കൂപ്പൺ ലഭിക്കുക. ഒന്നാം സമ്മാനം ഫ്രിഡജ്, രണ്ടാം സമ്മാനം ഇൻഡക്ഷൻ കുക്കർ, മൂന്നാം സമ്മാനം ഡിന്നർസെറ്റ് എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ഇക്കഴിഞ്ഞ ഓണക്കാലത്ത് അഞ്ച് ദിവസമാണ് കുറഞ്ഞ വിലയിൽ കോഴിയിറച്ചിയും കൂടെ സൗജന്യമായി രണ്ട് കിലോ പച്ചക്കറിയും വിൽപ്പന നടത്തിയത്. ഒരു ദിവസം രണ്ട് കിലോ കോഴിയിറച്ചിക്കൊപ്പം ഒന്നര കിലോ ബിരിയാണി അരിയും നൽകിയിരുന്നു.
ആരെയെങ്കിലും പരാജയപ്പെടുത്താനോ മത്സരിക്കാനോ വേണ്ടിയല്ല കുറഞ്ഞ വിലയിൽ കോഴിവിൽപ്പന നടത്തുന്നതെന്നും ലാഭം കുറച്ച് സാധാരണക്കാരനെ ചൂഷണത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണെന്നും വ്യാപാരികൾ പറയുന്നു. എല്ലാ വർഷവും ആഘോഷസമയങ്ങളിൽ കോഴി വില കുതിച്ചുയരാറുണ്ടെങ്കിലും ഈ ഓണത്തിന് തങ്ങൾ വിപണിയിൽ നടത്തിയ ഇടപെടൽ കാരണം വിലക്കുതിപ്പുണ്ടായില്ലെന്ന് അവർ പറഞ്ഞു. പലഭാഗങ്ങളിൽ നിന്നും ഭീഷണിയുണ്ടായെങ്കിലും അത് വക വെച്ചിട്ടില്ല. ജനങ്ങൾ തങ്ങളോടൊപ്പമുണ്ടാവുമെന്നാണ് പ്രതീക്ഷ. ജില്ലയിലെവിടെയും കോഴിക്കട തുടങ്ങി കുറഞ്ഞ വിലയിൽ വിൽപ്പന നടത്താൻ തങ്ങളൊരുക്കമാണെന്നും വ്യാപാരികളായ കെ മോയി,പി കെ ബദറു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.