sangam-am

വടകര :ഓണാഘോഷത്തിന്റെ ഭാഗമായി ഓർക്കാട്ടേരി കാർത്തികപ്പള്ളി കല്ലേരി തറവാട്ടിൽ നടന്ന കുടുംബസംഗമം വേറിട്ട അനുഭവമായി. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കല്ലേരി ശങ്കരക്കുറുപ്പ്- മാധവി അമ്മ ദമ്പതികളുടെ 11 മക്കളുടെ അഞ്ച് തലമുറയിൽപ്പെട്ട ഇരുനൂറോളം പേരാണ് തറവാട്ടിൽ ഒത്തുചേർന്നത്.

ഇവരുടെ 8 ആൺമക്കളിൽ 5 പേർ സൈനികരും ഒരാൾ പൊലീസും ഒരാൾ ജയിൽ വാർഡനും ആയിരുന്നു. തുടർച്ചയായി 1962,65,71 കാലത്തെ യുദ്ധമുഖത്തേക്ക് തന്റെ 5 മക്കളെയും ഒരു മരുമകനെയും അയക്കേണ്ടി വന്ന മാധവി അമ്മയുടെ ധീരതയും ( 1965 ലെ ഇന്ത്യ - ചൈന യുദ്ധത്തിലും 1962, 1971 വർഷങ്ങളിലെ ഇന്ത്യാ- പാക്ക് യുദ്ധത്തിലും 5 മക്കളെയും ഒരു മരുമകനെയും) 5 മക്കളെ യുദ്ധമുഖത്തേക്ക് അയച്ച മാധവി അമ്മയെ വീര മാതാവ് എന്ന പേരിൽ അന്നത്തെ പത്രവാർത്തകളിൽ ഇടം നേടിയതും സംഗമത്തിനെത്തിയ ഇളംതലമുറക്ക് പുതിയ അറിവായി.

വാർത്താവിനിമയ സംവിധാനങ്ങൾ കുറഞ്ഞ അക്കാലത്ത് യുദ്ധമുഖത്തു നിന്നും പട്ടാളക്കാർ തിരിച്ച് വീട്ടിലെത്തിയാൽ മാത്രമേ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും കുടുംബത്തിന് അറിയാൻ കഴിയൂ. കുടുംബത്തിലെ മുതിർന്ന അംഗം നാരായണി അമ്മ ഭദ്രദീപം കൊളുത്തിയ സംഗമം കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

ഒ. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുഞ്ഞപ്പനമ്പ്യാർ കുടുംബ ചരിത്ര വിവരണം നടത്തി. സുജിത്, വിമല, നളിനി, സുധാകരൻ, നിർമല, രാജമണി , ശിവദാസ് , സുരേഷ് ബാബു, ഹേമന്ത്, അനുപ്രിയ എന്നിവർ സംസാരിച്ചു. ഭാസ്കരൻ നമ്പ്യാർ സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു.

നല്ല കുടുംബബന്ധങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണവും ഉണ്ടായിരുന്നു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ഇളം തലമുറ ആദരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സര പരിപാടികൾ അരങ്ങേറി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും നൃത്തസന്ധ്യയും ഉണ്ടായിരുന്നു. ദുബൈ, ബഹറിൻ, സൗദി, ഖത്തർ, മുംബൈ, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിങ്ങനെ വിദേശത്തും ഇതര സംസ്ഥാനങ്ങളിലും വിവിധ മേഖലകളിലായി കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കാനുള്ള ഏറെ കാലത്തെ ആഗ്രഹം നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് കുടുംബാംഗമായ ഓർക്കാട്ടേരി വരപ്രത്ത് നളിനി.