കൊച്ചി: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി പ്രതിപക്ഷനേതാവും പാർലമെന്ററി പാർട്ടി ലീഡറും ആയ വി.ആർ വിജയകുമാറിനെ മർദ്ദിച്ച കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തെക്കുംഭാഗം പാട്ടുപുരയ്ക്കൽ റോഡിൽ ശ്രീഹരി വീട്ടിൽ ഹരി (36) , മേക്കര റോഡ് വാലുമ്മേൽ നല്ലശേരി വീട്ടിൽ വിബിൻ വിജയൻ (38) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി തൃപ്പൂണിത്തുറ സി.ഐ പി.രാജ് കുമാർ പറഞ്ഞു. തൃപ്പൂണിത്തുറയിലെ ബി.ജെ.പി ഗ്രൂപ്പ് വഴക്കുകളുടെ ഭാഗമായാണ് വിജയകുമാറിന് കഴിഞ്ഞ മാസം മർദ്ദനമേറ്റത്. ഏറെക്കാലമായി ഇവിടെ ബി.ജെ.പിയിൽ ഗ്രൂപ്പ് പോരാട്ടം രൂക്ഷമാണ്. നഗരത്തിലെ സവർണ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഒൗദ്യോഗിക പക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന വിഭാഗത്തിന്റെ അമരക്കാരനാണ് വിജയകുമാർ. കഴിഞ്ഞ മാസം ഒരു വിഭാഗത്തിന്റെ രക്ഷാബന്ധൻ മഹോത്സവം ഉദ്ഘാടനം ചെയ്തെന്ന പേരിലാണ് വിജയകുമാറിന് നേരെ അക്രമമുണ്ടായത്. തുടർന്ന് പ്രശ്നപരിഹാരത്തിന് പാർട്ടിയും ആർ.എസ്.എസും ഇടപെട്ടിരുന്നെങ്കിലും ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് പരാതി പിൻവലിക്കണമെന്ന നിബന്ധനയിൽ തട്ടി ചർച്ചകളെല്ലാം പാളുകയായിരുന്നു. നഗരസഭയിലെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി രണ്ട് വിഭാഗമായി പിളരുകയും ചെയ്തു. വിജയകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന സൂചനകളൊക്കെ ഉണ്ടായിരുന്നെങ്കിലും ജില്ലാ നേതൃത്വം പലവിധ കാരണങ്ങളാൽ ഇതിന് തുനിഞ്ഞിട്ടില്ല. ആഗസ്റ്റ് പതിനഞ്ചിന് രാത്രിയാണ് വിജയകുമാറിനെ തടഞ്ഞ് നിർത്തി കൈയേറ്റം ചെയ്തത്. ഭാര്യ ഷീല വിജയകുമാറിന്റെയും തൃപ്പൂണിത്തുറ നഗരസഭ കൗൺസിൽ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തൃപ്പൂണിത്തുറയിലെ മുതിർന്ന ആർ.എസ്.എസ് പ്രവർത്തകരിൽ ഒരാളുമാണ് വിജയകുമാർ.