കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തോട് കേന്ദ്ര - സംസ്ഥാന സർക്കാരുകളും എയർ ഇന്ത്യയും അനുവർത്തിക്കുന്ന അവഗണനയ്ക്കെതിരെ ആരു സമരത്തിനിറങ്ങിയാലും സഹകരിക്കുമെന്ന് മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ യോഗം വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനും നിറുത്തലാക്കിയ എയർ ഇന്ത്യ, എമിറേറ്റസ് വിമാന സർവിസുകൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനും വിവിധ സംഘടകൾ ഒന്നിച്ചുള്ള പ്രക്ഷോഭം ഉയർന്നുവരേണ്ടതുണ്ട്. ടിക്കറ്റിന് അമിതനിരക്ക് ഈടാക്കുന്നത് ചെറുക്കണം. കൂടുതൽ ആഭ്യന്തര - അന്തർദേശീയ സർവിസുകൾ തുടങ്ങുകയും വേണം.

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ഷാർജയിലേക്കുള്ള കാർഗോ ചാർജ്ജ് 25 ശതമാനം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.വി. മാധവൻ, കെ.എൻ. ചന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എം.കെ. അയ്യപ്പൻ, സെക്രട്ടറിമാരായ പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കർ, ഖജാൻജി എം.വി. കുഞ്ഞാമു എന്നിവർ പ്രസംഗിച്ചു.

സി.സി. മനോജ് സ്വാഗതവും സി.വി. ജോസി നന്ദിയും പറഞ്ഞു.