പിഎച്ച്.ഡി ഏറ്റുവാങ്ങുന്നത് 101 പേർ
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ (എൻ.ഐ.ടി) 15ാമത് ബിരുദദാന ചടങ്ങ് നാളെ വൈകിട്ട് 4 ന് കാമ്പസിൽ നടക്കും. ചടങ്ങിൽ 1568 പേർ ബിരുദം സ്വീകരിക്കും. ഇൻഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. എൻ.ഐ.ടി ഡയറക്ടർ ശിവജി ചക്രവർത്തി അദ്ധ്യക്ഷത വഹിക്കും.
ബി.ടെക്കിൽ 910, ആർക്കിടെക്ചറിൽ 47, എം.ടെക്കിൽ 359, എം.പ്ലാനിൽ 10, എം.സി.എയിൽ 46, എം.എസ് സിയിൽ 51, എം.ബി.എയിൽ 44, പിഎച്ച്.ഡിയിൽ 101 എന്നിങ്ങനെയാണ് ബിരുദം ഏറ്റുവാങ്ങുന്നവരുടെ എണ്ണം. എൻ.ഐ.ടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പേർ പിഎച്ച്. ഡി ബിരുദം നേടുന്നത്.
എൻ.ഐ.ആർ.എഫ് റാങ്കിംഗ് പ്രകാരം രാജ്യത്ത് 28ാം സ്ഥാനത്താണ് ഇപ്പോൾ കാലിക്കറ്റ് എൻ.ഐ.ടി. കഴിഞ്ഞ വർഷം 50ാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ബിരുദധാരികളിൽ 80 ശതമാനം പേരും പ്ലേസ്‌മെന്റ് നേടിയതായും 139 കമ്പനികൾ റിക്രൂട്ട്മെന്റിനായി എത്തിയെന്നും പി.എസ്.സതീദേവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിവർഷ ശമ്പളം 50 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത കമ്പനികളുണ്ട്.
വാർത്താസമ്മേളനത്തിൽ എം.ഹരികൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ.മനു എന്നിവരും സംബന്ധിച്ചു.