കോഴിക്കോട്: ഫ്രാൻസിസ് റോഡിലെ ബ്ലൂമൗണ്ടൻ റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്ന് പുത്തൻ മോഡൽ ക്ലാസിക് എക്സ് ബൈക്കും 1,60,000 രൂപയും കവർന്നു. ബൈക്കിന് 1,72,000 രൂപ വിലയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഷോറൂമിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങളുണ്ട്. ഇന്നലെ വിപണിയിലിറക്കാൻ എത്തിച്ചതാണ് പുതിയ മോഡൽ ബൈക്ക്. ടൗൺ എസ്.ഐ ബിജിത്തിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ തെളിവകുൾ ശേഖരിച്ചു.
സൗത്ത് അസി.കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറിയിട്ടുണ്ട്. പുത്തൻ മോഡൽ ബൈക്കായതിനാൽ ഉടൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.